പ്രതീകാത്മക ചിത്രം 
NEWSROOM

ബലൂചിസ്ഥാനില്‍ ബോംബ് സ്‌ഫോടനം; 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ആര്‍മിക്കെതിരായ ആക്രമണം തുടരുമെന്നും ബലൂച് ലിബറേഷൻ ആർമി പ്രസ്താവനയില്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയില്‍ സുരക്ഷാ ജീവനക്കാരുമായി പോവുകയായിരുന്ന വാഹനത്തിന് സമീപം റോഡരികിലാണ് ബോംബ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി രംഗത്തെത്തി.

ക്വറ്റയിലെ 30 കിലോമീറ്റര്‍ പരിധിയില്‍ മാര്‍ഗറ്റ് ചൗക്കിയിലെ റോഡരികില്‍ സ്ഥാപിച്ച ബോംബില്‍ വാഹനം ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

'ക്വറ്റയിലെ മാര്‍ഗറ്റില്‍ റിമോട്ട് കണ്‍ട്രോള്‍ഡ് ഐഇഡി ആക്രമണത്തിലൂടെ ബിഎല്‍എ ലക്ഷ്യം വെച്ച പാകിസ്ഥാന ആര്‍മി വാഹനം തകര്‍ത്തു. ശത്രു വാഹനം പൂര്‍ണമായും തകരുകയും 10 പേര്‍ മരിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് റിബറേഷന്‍ ആര്‍മി ഏറ്റെടുക്കുന്നു. ഇതുപോലെ ആര്‍മിക്കെതിരായ ആക്രമണം തുടരുക തന്നെ ചെയ്യും,' എന്നാണ് ബിഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

ബലൂചിസ്ഥാനിലെ ഒരു ജില്ലയില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസവും സമാനമായ രീതിയിലുള്ള ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

നേരത്തെ പോൡയാ വാക്‌സിനേഷന്‍ സംഘത്തിന്റെ സംരക്ഷണവുമായി പോയിരുന്ന ആര്‍മി സംഘത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. മുഖംമൂടി ധരിച്ച ആയുധധാരികളായ സംഘമായിരുന്നു ആക്രമണം നടത്തിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അക്രമം ഹാരിഫാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

SCROLL FOR NEXT