NEWSROOM

മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് 10 പേർ മരിച്ചതായി റിപ്പോ‍ർട്ട്; യുപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്

രണ്ടാം വിശേഷ സ്‌നാന ദിനമായ മൗനി അമാവാസിയുടെ ഭാഗമായി കോടിക്കണക്കിന് വിശ്വാസികളാണ് പ്രയാ​ഗ് രാജിലെ മഹാകുംഭമേളയ്ക്കെത്തിയത്

Author : ന്യൂസ് ഡെസ്ക്


പ്രയാഗ് രാജ് മഹാ കുംഭമേളയിൽ പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 10 പേർ മരിച്ചതായി റിപ്പോ‍ർട്ട്. 60 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് പുലർച്ചെ അമൃത് സ്നാനത്തിനിടെയാണ് അപകടമുണ്ടായത്. വിശേഷദിവസമായ മൗനി അമാവാസിയിൽ സ്നാനത്തിനെത്തിയ വിശ്വാസികളുടെ തിരക്കാണ് അപകടമുണ്ടാക്കിയത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സുരക്ഷാവീഴ്ച്ചയിൽ സംസ്ഥാന ഡിജിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.

രണ്ടാം വിശേഷ സ്‌നാന ദിനമായ മൗനി അമാവാസിയുടെ ഭാഗമായി കോടിക്കണക്കിന് വിശ്വാസികളാണ് പ്രയാ​ഗ് രാജിലെ മഹാകുംഭമേളയ്ക്കെത്തിയത്. ത്രിവേണീ സംഗമത്തിൽ അമൃത് സ്നാനം ചെയ്യാൻ ഏറ്റവും അനുയോജ്യമെന്ന് കണക്കാക്കുന്ന ഈ ദിനത്തിന് 10 കോടി ഭക്തരെത്തുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. നദിയിലെ മറ്റ് ഘാട്ടുകളില്‍ സ്നാനം ചെയ്യുന്നതിന് പകരം ത്രിവേണി സംഗമത്തിനരികിലേക്ക് ആളുകൾ തിരക്കിട്ട് എത്തിയതോടെ സമീപത്തെ ബാരിക്കേഡുകൾ തകരുകയും പലരും വീണ് ചവിട്ടേൽക്കുകയുമായിരുന്നു.

സംഭവത്തിൽ നിരവധി പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. എന്നാൽ മരണസംഖ്യ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. പലരുടേയും നില ഗുരുതരമാണെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പുലർച്ചെ രണ്ട് മണി മുതലാണ് ബാരിക്കേഡുകൾ തകരുന്ന തരത്തിൽ ത്രിവേണി സംഗമത്തിലേക്ക് ഭക്തർ പ്രവേശിച്ചത്. ഈ തിരക്ക് അപകടമുണ്ടാക്കി. സ്ത്രീകളടക്കം കുഴഞ്ഞുവീണു. തിരക്ക് രൂക്ഷമായത് കൂടുതൽ അപകടം സൃഷ്ടിച്ചു. പൊലീസ് അടക്കമുള്ള സുരക്ഷസേനാ പ്രവർത്തകരാണ് സ്ഥിതി​ഗതികള്‍ നിയന്ത്രിച്ചത്.

സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഭക്തർ ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുണ്യസ്നാനം പുനരാംഭിക്കാനുള്ള നടപടികൾക്കും മുഖ്യമന്ത്രി നിർദേശം നൽകി. അപകടത്തിന് പിന്നാലെ അമൃത് സ്നാനവും മറ്റ് ചടങ്ങുകളും മണിക്കൂറുകളോളം നിർത്തിവെച്ചിരുന്നു.

അതേസമയം അപകടത്തിൽ യുപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അടക്കം രംഗത്തെത്തി. കുംഭമേളയുടെ ചുമതല യോഗിയിൽ നിന്ന് മാറ്റണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ആവശ്യപ്പെട്ടു. നല്ല ഉദ്യോ​ഗസ്ഥരെ കുംഭമേളയുടെ ചുമതല ഏൽപ്പിക്കണം. യോ​ഗിയുടേത് പാതിവെന്ത സുരക്ഷാ ക്രമീകരണങ്ങളെന്നും ഖർഗെ വിമർശിച്ചു.

SCROLL FOR NEXT