NEWSROOM

"എക്സിൽ 100 മില്ല്യൺ!"; സമൂഹമാധ്യമത്തിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി മോദി

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ,ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്, പോപ്പ് ഫ്രാൻസിസ് മാർപാപ്പ എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കളെയാണ് പ്രധാനമന്ത്രി മറികടന്നത്

Author : ന്യൂസ് ഡെസ്ക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ 100 മില്ല്യൺ(10 കോടി) ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ഏറ്റവുമധികം എക്സ് ഫോളോവേഴ്സുള്ള നേതാവെന്ന റെക്കോർഡ് മോദി സ്വന്തമാക്കി.

"എക്സിൽ 100 മില്ല്യൺ! ഇതിൽ ഭാഗമായിരിക്കുന്നതിലും, ചർച്ചകൾ, സംവാദങ്ങൾ,ജനങ്ങളുടെ അനുഗ്രഹങ്ങൾ, ക്രിയാത്മക വിമർശനങ്ങൾ എന്നിവയിൽ ഭാഗമാകാൻ കഴിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. ഭാവിയിലും ഇതുപോലെ തന്നെ തുടരുവാനായി കാത്തിരിക്കുന്നു."

പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

അതേസമയം, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ (38.1 ദശലക്ഷം ഫോളോവേഴ്‌സ്), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം), പോപ്പ് ഫ്രാൻസിസ് മാർപാപ്പ (18.5 ദശലക്ഷം) എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കളെയാണ് പ്രധാനമന്ത്രി മോദി മറികടന്നത്.

ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സുമായി താരതമ്യപ്പെടുത്തുമ്പോഴും, മോദിയുടെ പ്രകടനം ശ്രദ്ധേയമാണ്.  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി- 26.4 മില്ല്യൺ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ- 27.5 മില്ല്യൺ ,സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്- 19.9 മില്ല്യൺ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി- 7.4 മില്യൺ എന്നിങ്ങനെയാണ് നിലവിൽ ഇന്ത്യൻ നേതാക്കളുടെ ഫോളോവേഴ്സിൻ്റെ കണക്കുകൾ.

സോഷ്യൽ മീഡിയ താരങ്ങളായ ടെയ്‌ലർ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കർദാഷിയാൻ (75.2 ദശലക്ഷം) തുടങ്ങിയ ആഗോള സെലിബ്രിറ്റികളെയും മോദി മറികടന്നു. എക്സിനൊപ്പം യൂട്യൂബിൽ 25 ദശലക്ഷത്തോളം സബ്സ്ക്രൈബേഴ്സും ഇൻസ്റ്റാഗ്രാമിൽ 91 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും പ്രധാനമന്ത്രിക്കുണ്ട്.

SCROLL FOR NEXT