NEWSROOM

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ സുമിത് മരിച്ചു; 18 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ പുറത്തെടുത്തത് കുട്ടിയുടെ ചേതനയറ്റ ശരീരം

ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി നടത്തിയ തെരച്ചിലിലാണ് കുട്ടി കുഴൽക്കിണറിൽ വീണെന്ന് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ സുമിത് മീണ മരിച്ചു. 18 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ പുറത്തെടുത്തത് കുട്ടിയുടെ ചേതനയറ്റ ശരീരമാണ്. മധ്യപ്രദേശിൽ ഗുണ ജില്ലയിൽ കുഴൽക്കിണറിലാണ് 140 അടി താഴ്ചയിലേക്ക് പത്ത് വയസുകാരൻ വീണത്. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങിക്കിടന്നത്. പൊലീസും മറ്റു സന്നദ്ധ സേനകളും ഭോപ്പാലിൽ നിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘവും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ആണ് കുട്ടിയുടെ ശരീരം പുറത്തെടുത്തത്.

ശനിയാഴ്ച രാത്രി ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടി കുഴൽക്കിണറിൽ വീണെന്ന് കണ്ടെത്തിയത്. കുഴൽക്കിണറിന് സമാന്തരമായി 25 അടി താഴ്ചയുള്ള കുഴി കുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. ഇന്നലെ രാത്രി മുതൽ കുഴൽക്കിണറിലേക്ക് ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ടായിരുന്നു.

അതേസമയം, രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ചേത്‌നയെന്ന മൂന്ന് വയസുകാരിക്കായി ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌രര്‍ ജില്ലയിലെ സരുന്ദിലാണ് അപകടം നടന്നത്. പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. എന്‍ഡിആര്‍എഫ് - എസ്ഡിആര്‍എഫ് സേനകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

SCROLL FOR NEXT