NEWSROOM

കോഴിക്കോട് വീണ്ടും വൻ ലഹരിവേട്ട; കൊടുവള്ളിയിൽ നിന്നും 11,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

അതേസമയം, എറണാകുളം അങ്കമാലിയിൽ നിന്നും ഒൻപത് കിലോ കഞ്ചാവ് പിടികൂടി

Author : ന്യൂസ് ഡെസ്ക്



കോഴിക്കോട് കൊടുവള്ളിയിൽ നിന്നു വീണ്ടും വൻ ലഹരിശേഖരം പിടികൂടി. 11,000 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കണ്ടെടുത്തത്. കിഴക്കേകണ്ടിയിൽ മുഹമ്മദ് മുഹസിൻ്റെ വീട്ടിൽ നിന്നുമാണ് ലഹരിശേഖരം പിടികൂടിയത്. നരിക്കുനിയിൽ ചെരുപ്പു കടയുടെ മറവിൽ ലഹരി വിൽപ്പന നടത്തുകയായിരുന്നു ഇയാൾ. ആദ്യം ചെരുപ്പു കടയിലാണ് പൊലീസ് പരിശോധന നടത്തിയത്. 890 പാക്കറ്റ് ഹാൻസാണ് ഇവിടെ നിന്നും പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് വീട്ടിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്.

അതേസമയം, എറണാകുളം അങ്കമാലിയിൽ നിന്നും ഒൻപത് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് റിങ്കു, ശാലിനി എന്നിവർ പിടിയിലായത്.

സംസ്ഥാനത്താകെ ലഹരിക്കേസുകളുടെ എണ്ണം വൻതോതിൽ വർധിക്കുകയാണ്. കഴിഞ്ഞദിവസം വയനാട് മുത്തങ്ങയിൽ നിന്നും കൊല്ലത്തു നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. മുത്തങ്ങയിൽ നിന്ന് 19 കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അടിവാരം സ്വദേശി കെ ബാബു (44), വീരാജ്പേട്ട സ്വദേശി കെ.ഇ. ജലീൽ (43) എന്നിവർ പിടിയിലായിട്ടുണ്ട്.

കൊല്ലം വെസ്റ്റ് പൊലീസിൻ്റെ വാഹന പരിശോധനക്കിടെ ആണ് വാഹനത്തിൽ കടത്തുകയായിരുന്ന 109 ചാക്ക് നിരോധിക പുകയില ഉത്പന്നം പിടികൂടിയത്. ഡിവൈഡറിൽ ഇടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.

SCROLL FOR NEXT