ഹിമാചലിൽ പ്രദേശിലെ 114 റോഡുകൾ അടച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. മാണ്ഡിയിലെ 36 റോഡുകൾ, കുളുവിലെ 34 റോഡുകൾ, ഷിംലയിലെ 27 റോഡുകൾ, ലഹൗളിലും സ്പിറ്റിയിലും എട്ട് എണ്ണം, കാൻഗ്രയിലെ ഏഴ് എണ്ണം, കിന്നൗർ ജില്ലയിലെ രണ്ട് റോഡുകൾ എന്നിങ്ങനെയാണ് അടച്ചിട്ട റോഡുകൾ. ഓഗസ്റ്റ് 7 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
Also Read:
ഹിമാചൽ റോഡ്‌സ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 82 റൂട്ടുകളിലെ ബസ് സർവീസുകളും നിർത്തിയിട്ടുണ്ട്. ജൂൺ 27 നും ഓഗസ്റ്റ് 1 നും ഇടയിൽ മഴക്കെടുതിയിൽ സംസ്ഥാനത്ത് 77 പേർ മരിച്ചതായും 655 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടർന്നു. ഇതുവരെ അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയെ മുൻനിർത്തി കേന്ദ്രം പ്രദേശത്ത് അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ 49 പേർക്കായുള്ള തെരച്ചിൽ ഭരണകൂടം ശക്തമാക്കിയിരിക്കുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും മഴ കുറഞ്ഞാൽ തെരച്ചിൽ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു പറഞ്ഞു. സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ വെള്ളച്ചാട്ടങ്ങൾക്കും നദികൾക്കും സമീപം പോകരുതെന്നും നിർദേശവുമുണ്ട്. ഹിമാചലിലെ ഷിംല, മാണ്ഡി, കുളു ജില്ലകളിലാണ് ബുധനാഴ്ച മേഘവിസ്ഫോടനമുണ്ടായത്.