NEWSROOM

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ പതിമൂന്നും ഇന്ത്യയില്‍; ബിര്‍ണിഹാത് ഒന്നാമത്

2024 ല്‍ ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു

Author : ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ പതിമൂന്നും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര പട്ടികയാണ് ചൊവ്വാഴ്ച പുറത്തുവന്നത്. അസമിലെ ബിര്‍ണിഹാത് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2024 ല്‍ ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. 2023 ല്‍ മൂന്നാം സ്ഥാനത്തായിരുന്നു.


2024 ല്‍ ഇന്ത്യയില്‍ PM2.5 സാന്ദ്രതയില്‍ 7 ശതമാനം കുറവ് ഉണ്ടായതായും, ഒരു ക്യൂബിക് മീറ്ററിന് ശരാശരി 50.6 മൈക്രോഗ്രാം കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. 2023 ല്‍ ഇത് ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം ആയിരുന്നു. എങ്കിലും ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ആറെണ്ണം ഇന്ത്യയിലാണ്.

ബിര്‍ണിഹാത്, ഡല്‍ഹി, മുല്ലന്‍പൂര്‍(പഞ്ചാബ്), ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭീവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഡ്, നോയഡി എന്നിവയാണ് ലോകത്തിലെ ഏറ്റവും മലിനമായ പതിമൂന്ന് നഗരങ്ങള്‍.

ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളിലും വാര്‍ഷിക PM2.5 ലെവല്‍ WHO പരിധിയായ ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാമിന്റെ 10 മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വായുമലിനീകരണം ഗുരുതരമായ ആരോഗ്യഭീഷണിയാണ്. ഇന്ത്യയില്‍ വായു മലിനീകരണം ഗുരുതരമായ ആരോഗ്യ ഭീഷണിയായി തുടരുന്നു, ഇത് ആയുര്‍ദൈര്‍ഘ്യം ഏകദേശം 5.2 വര്‍ഷം കുറയ്ക്കുന്നുവെന്നാണ് കണക്കുകള്‍.

2009 മുതല്‍ 2019 വരെ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 1.5 ദശലക്ഷം മരണങ്ങള്‍ക്ക് വായുമലിനീകരണവുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.

2.5 മൈക്രോണില്‍ താഴെയുള്ള വായു മലിനീകരണത്തിന്റെ ചെറിയ കണികകളെയാണ് PM2.5 എന്ന് വിളിക്കുന്നത്. ഇവ ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും പ്രവേശിച്ച് ശ്വസനപ്രശ്‌നങ്ങള്‍, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാം. വാഹനങ്ങളുടെ പുക, വ്യാവസായിക മാലിന്യം, മരം അല്ലെങ്കില്‍ വിള മാലിന്യങ്ങള്‍ കത്തിക്കല്‍ എന്നിവയാണ് സ്രോതസ്സുകള്‍.

SCROLL FOR NEXT