NEWSROOM

അഞ്ചു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 13 പേർ; ജീവൻ നഷ്ടമായവരിൽ 10 പേരും പ്രതിരോധ കുത്തിവയ്പ്പെടുക്കാത്തവർ

കഴിഞ്ഞ നാല് വർഷത്തിനിടെ 47 പേരാണ് സംസ്ഥാനത്ത് പേവിഷബാധ മൂലം മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ അഞ്ചു മാസത്തിനിടെ പേവിഷബാധയേറ്റ് കേരളത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ച പതിമൂന്ന് പേരിൽ പത്തുപേരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പേവിഷബാധയേറ്റ് മരണപ്പെടുന്ന വളർത്തു മൃഗങ്ങളുടെ കണക്കും ഭയപ്പെടുത്തുന്നതാണ്. പേവിഷബാധയ്ക്കെതിരായ റാബിസ് വാക്സിൻ കണ്ടെത്തി 139 വർഷങ്ങൾക്കിപ്പുറവും ഇക്കാരണം കൊണ്ടുണ്ടാകുന്ന മരണങ്ങൾ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ നാല് വർഷത്തിനിടെ 47 പേരാണ് സംസ്ഥാനത്ത് പേവിഷബാധ മൂലം മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത രണ്ടു മരണങ്ങളിലും രോഗം പടർന്നിരിക്കുന്നത് വളർത്തുനായ്ക്കളിൽ നിന്നാണ്. പാലക്കാട്ടെ വിദ്യാർഥിനിയെ അടുത്തെ വീട്ടിലെ നായയും തൃശൂരിൽ മരിച്ചയാളെ സ്വന്തം വളർത്തുനായയുമാണ് കടിച്ചത്.

കേരളത്തിൽ 2023ൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റത് 62,458 പേർക്കാണ്. 2018 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ തെരുവ് നായ ആക്രമണങ്ങൾ യഥാക്രമം 94165, 81407, 83836, 118874 എന്നിങ്ങനെയാണ്. തെരുവ് നായ്ക്കളുടെ എണ്ണം കുറയ്‌ക്കാനുള്ള വന്ധ്യംകരണ ശസ്‌ത്രക്രിയ ഇപ്പോൾ കാര്യക്ഷമമല്ലെന്നതാണ് തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണം.
രാജ്യത്ത് പ്രതിവർഷം 18000ൽപ്പരം പേരാണ് പേവിഷബാധമൂലം മരിക്കുന്നത്. ഇത് ഏഷ്യയിലെ പേവിഷബാധയുടെ 60 ശതമാനം വരും. കേരളത്തിൽ മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും അടുത്തകാലത്തെ കണക്കുകളിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT