nipah 
NEWSROOM

സംസ്ഥാനത്ത് നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പതിനാലു വയസ്സുകാരനാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പതിനാലു വയസ്സുകാരനാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം നിപ പ്രോടോക്കോൾ പാലിച്ച് സംസ്കരിക്കും. കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങളോടെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.  രാവിലെ 10.50നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 11.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. 

കുട്ടിയുടെ റൂട്ട് മാപ്പ് 

മലപ്പുറത്ത് നിപ രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം. ആരോഗ്യവകുപ്പ് മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 246 പേരാണ് കുട്ടിയുടെ പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ളത്.  കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയാണ് കുട്ടി. പന്ത്രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട് ശിശുരോഗ വിദഗ്ധനു സമീപവും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച്ചയാണ് കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.

കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. 

SCROLL FOR NEXT