NEWSROOM

ചരിത്രം പിറന്നു; 287 ഇന്നിങ്‌സുകളില്‍ നിന്ന് 14000 റണ്‍സ് നേടി വിരാട് കോഹ്ലി

350 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്

Author : ന്യൂസ് ഡെസ്ക്

ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ആ ഒരു ഫോറോടു കൂടി വിരാട് കോഹ്ലിയുടെ പേരില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി പിറന്നു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 14000 റണ്‍സ് തികയ്ക്കുന്ന താരമെന്ന പദവി ഇനി വിരാട് കോഹ്ലിക്ക് സ്വന്തം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് കോഹ്ലിയുടെ റെക്കോര്‍ഡ് നേട്ടം. സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോഹ്ലി.


287 ഇന്നിങ്‌സുകളില്‍ നിന്നാണ് 14000 റണ്‍സ് എന്ന നേട്ടം കോഹ്ലി സ്വന്തമാക്കിയത്. 350 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ശ്രീലങ്കന്‍ താരം സങ്കക്കാര 378 ഇന്നിങ്‌സുകളില്‍ നിന്നാണ് 14000 റണ്‍സ് തികച്ചത്.


300 ല്‍ താഴെ ഇന്നിങ്‌സുകളില്‍ നിന്ന് ഇത്രയധികം റണ്‍സ് അടിച്ചു കൂട്ടിയ ആദ്യ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. പാകിസ്ഥാനെതിരായ മത്സരത്തില്‍ 15 റണ്‍സ് നേടി നില്‍ക്കുമ്പോഴാണ് കോഹ്ലിയുടെ റെക്കോര്‍ഡ് നേട്ടം. ഹാരിസ് റൗഫിന്റെ പന്ത് ബൗണ്ടറി കടന്നതോടെ പുതിയ ചരിത്രം പിറന്നു.

SCROLL FOR NEXT