NEWSROOM

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14കാരന്‍ ആശുപത്രി വിട്ടു; രോഗമുക്തി നേടുന്നത് ഇന്ത്യയില്‍ ആദ്യം

മൂന്നാഴ്ച കഴിഞ്ഞു നടത്തിയ രണ്ടാം പിസിആർ പരിശോധനയിലാണ് കുട്ടിയുടെ ഫലം നെഗറ്റീവായത്. നേരത്തെ  രോഗനിർണയം നടത്താൻ കഴിഞ്ഞതാണ് ചികിത്സയിൽ നിർണായകമായതെന്ന് ഡോക്ടർമാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച തിക്കോടി സ്വദേശിയായ 14കാരൻ ആശുപത്രി വിട്ടു. 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടിക്ക് രോഗമുക്തി നേടി ആശുപത്രി വിട്ടത്.  ഇന്ത്യയിൽ  തന്നെ ആദ്യമായിട്ടാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വ്യക്തി മുക്തി നേടുന്നത്. പയ്യോളി പള്ളിക്കര സ്വദേശിയാണ് രോഗമുക്തി നേടിയ 14കാരൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് കുട്ടി ചികിത്സ തേടിയത്. 

ജൂലൈ ഒന്നിനാണ് കുട്ടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. 14 കാരനൊപ്പം തിക്കോടി പഞ്ചായത്തിലെ കുളത്തിൽ കുളിച്ച രണ്ട് കുട്ടികൾ നിരീക്ഷണത്തിലായെങ്കിലും ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

മൂന്നാഴ്ച കഴിഞ്ഞു നടത്തിയ രണ്ടാം പിസിആർ പരിശോധനയിലാണ് കുട്ടിയുടെ ഫലം നെഗറ്റീവായത്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഇൻ്റൻസീവ് കെയർ മേധാവി ഡോ.അബ്ദുൽ റൗഫിൻ്റെ നേതൃത്വത്തിലാണ് കുട്ടിയെ ചികിത്സിച്ചത്. ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്നും ആൻ്റി ബയോട്ടിക്, ആൻ്റി ഫങ്കൽ മരുന്നുകളുടെ മിശ്രിതവുമാണ് കുട്ടിക്ക് നൽകിയിരുന്നത്. നേരത്തെ  രോഗനിർണയം നടത്താൻ കഴിഞ്ഞതാണ് ചികിത്സയിൽ നിർണായകമായതെന്ന് ഡോക്ടർമാർ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഒരു കുട്ടി കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ തുടരുന്നുണ്ട്.  കണ്ണൂർ  പരിയാരം സ്വദേശിയായ മൂന്നര വയസ്സുകാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

SCROLL FOR NEXT