അസമിലെ കരിംഗഞ്ചിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രദേശവാസികൾ ആൺകുട്ടിയെ പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം കളിക്കാനെന്ന വ്യാജേനയാണ് ആൺകുട്ടി 3 വയസുകാരിയുടെ വീട്ടിലെത്തിയത്. അമ്മ പുറത്ത് പോയി തിരിച്ചെത്തുമ്പോൾ ആൺകുട്ടി കുഞ്ഞിൻ്റെ വസ്ത്രങ്ങൾ അഴിക്കുവാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കുഞ്ഞിൻ്റെ അമ്മയെ കണ്ടയുടൻ ആൺകുട്ടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ അയൽവാസികളെത്തി ആൺകുട്ടിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ആൺകുട്ടിയ്ക്ക് പ്രായപൂർത്തിയാവാത്തതിനാൽ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് കൈകാര്യം ചെയ്യുമെന്ന് എസ് പി പാർത്ഥ പ്രതിം ദാസ് അറിയിച്ചു. പോക്സോ കേസാണ് ആൺകുട്ടിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു.