NEWSROOM

കാക്കനാട് കലക്ട്രേറ്റ് സ്‌ഫോടനം നടന്ന് 15 വർഷം; ആസൂത്രണം ചെയ്തവരെ ഇനിയും കണ്ടെത്താനായില്ല

ഏകദേശം 200 ഓഫീസർമാർ സ്ഫോടനത്തെക്കുറിച്ച് വർഷങ്ങളോളം വിവിധ തലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളിൽ ഒരാളെ പോലും കണ്ടെത്താൻ കഴിഞ്ഞില്ല

Author : ന്യൂസ് ഡെസ്ക്

നാടിനെ നടുക്കിയ കാക്കനാട് കളക്ട്രേറ്റ് സ്‌ഫോടനം നടന്നിട്ട് ഇന്ന് 15 വർഷം. ഒന്നര പതിറ്റാണ്ടിനിപ്പുറവും സ്ഫോടനം ആസൂത്രണം ചെയ്തവരെ കണ്ടെത്താനോ അവരുടെ ലക്ഷ്യം കണ്ടെത്താനോ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. 2009 ജൂലൈ 10ന് വൈകിട്ട് മൂന്നിനായിരുന്നു കാക്കനാട്ടെ കളക്ട്രേറ്റിൽ സ്ഫോടനം നടന്നത്.

സംസ്ഥാനത്തെ ഒരു ജില്ലാ ഭരണ സിരാകേന്ദ്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. ഒരു കിലോമീറ്റർ അകലെ വരെയാണ് ശബ്ദം മുഴങ്ങിയത്. കളക്ട്രേറ്റിന്റെ അഞ്ചാം നിലയിലെ ഗോവണിയിൽ നിന്നായിരുന്നു സ്ഫോടനം ഉണ്ടായത്. ഒരു ജീവനക്കാരന് നിസ്സാര പരിക്ക് ഉണ്ടായതൊഴിച്ചാൽ വലിയ ആളപായം ഉണ്ടായില്ല. എന്നാൽ ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്ന് വിദഗ്ദർ പിന്നീട് സ്ഥിരീകരിച്ചു.

15 വർഷങ്ങൾക്ക് ശേഷവും സംഭവത്തിന് പിന്നിൽ ആരാണ് ഉള്ളതെന്നത് വ്യക്തമല്ല. തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ലോക്കൽ പൊലീസ്, ക്രൈം ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങി പല സേനാ വിഭാഗങ്ങളിലെ ഏകദേശം 200 ഓഫീസർമാർ സ്ഫോടനത്തെക്കുറിച്ച് വർഷങ്ങളോളം വിവിധ തലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളിൽ ഒരാളെ പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

ആയിരത്തോളം പേരെ ഇതിനോടകം ചോദ്യം ചെയ്തു. ലഷ്കർ കമാൻഡർ തടിയൻ്റവിട നസീറിൻ്റെ സംഘത്തിന് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സ്ഫോടനം ആസൂത്രണം ചെയ്ത മുഖ്യപതി അഫ്‌ഗാനിസ്താനിലേക്കും, രണ്ട് പേർ ഗൾഫ് നാടുകളിലേക്കും കടന്നെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ നിഗമനം. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇൻ്റർപോളിന് കൈമാറിയെങ്കിലും ഫലമുണ്ടായില്ല.

SCROLL FOR NEXT