ഒമർ അബ്ദുള്ളയും ഭാര്യ പായൽ അബ്ദുള്ളയും 
NEWSROOM

വേർപിരിഞ്ഞിട്ട് 15 വർഷം; ഒമർ അബ്ദുള്ളയുടെ വിവാഹമോചന ഹർജിയിൽ ഭാര്യക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

സുപ്രീം കോടതി ആറാഴ്ചക്കകം പ്രതികരണം നൽകണമെന്ന് പായൽ അബ്ദുള്ളയോട് ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വിവാഹമോചന ഹർജിയിൽ ഭാര്യ പായൽ അബ്ദുള്ളയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ക്രൂരതയുടെ പേരിൽ ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഒമർ അബ്ദുള്ളയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നാഷണൽ കോൺഫറൻസ് നേതാവ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിൽ ആറാഴ്ചക്കകം പായൽ അബ്ദുള്ളയുടെ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 15 വർഷമായി വേർപിരിഞ്ഞ് താമസിക്കുന്ന ഇരുവരുടെയും വിവാഹം 'മരിച്ചു'വെന്ന് അബ്ദുള്ളയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി. വിവാഹബന്ധങ്ങൾ വേർപെടുത്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ ഇടപെടൽ കപിൽ സിബൽ അഭ്യർത്ഥിക്കുകയായിരുന്നു.

2023ൽ ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവയുടെയും വികാസ് മഹാജൻ്റെയും ബെഞ്ച് 2016 ലെ കുടുംബ കോടതി ഉത്തരവ് ശരിവെച്ചിരുന്നു. കുടുംബകോടതിയുടെ ഉത്തരവിൽ അപാകതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും തീരുമാനത്തോട് യോജിക്കുന്നുവെന്നും ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കി.

1994 സെപ്തംബർ 1 ന് വിവാഹിതരായ ഒമറും പായൽ അബ്ദുള്ളയും 2009 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്. രണ്ട് ആൺമക്കൾക്ക് പ്രതിമാസം 60,000 രൂപ നൽകുന്നതിന് പുറമെ ഭാര്യക്ക് ഒന്നര ലക്ഷം രൂപയും ജീവനാംശമായി നൽകണമെന്ന് ഹൈക്കോടതി ഒമറിനോട്
നേരത്തെ നിർദ്ദേശിച്ചിരുന്നു .

SCROLL FOR NEXT