വടക്കുകിഴക്കൻ നൈജീരിയയിൽ മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി നടന്ന ചാവേറാക്രമണത്തിൽ 18 പേർ കൊലപ്പെട്ടതായി റിപ്പോർട്ട്. ബോർണോയിലെ ഗ്വോസ പട്ടണത്തിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ കുട്ടികളും പുരുഷൻമാരും സ്ത്രീകളുമുൾപ്പെടെ 19 പേർക്ക് ഗുരുതരമായി പരുക്കേറ്റതായും അധികൃതർ അറിയിച്ചു. പ്രദേശത്ത് ഒരു ദശാബ്ദത്തിലേറെയായി ബോക്കോ ഹറാം എന്ന ജിഹാദി ഗ്രൂപ്പിൻ്റെ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവർ തന്നെയാണ് ചോവേറാക്രമണത്തിൻ്റെ പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ശനിയാഴ്ച ഗ്വോസ പട്ടണത്തിലുണ്ടായ കല്യാണാഘോഷം, ശവസംസ്കാര ചടങ്ങ് പട്ടണത്തിലെ ഒരു ആശുപത്രി എന്നിവിടങ്ങളിലാണ് ചാവേർ സ്ഫോടനമുണ്ടായത്. കൈക്കുഞ്ഞുമായി വിവാഹ ചടങ്ങിനെത്തിയ സ്ത്രീയുടെ മുതുകിൽ കെട്ടി വെച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. നഗരത്തിലെ ആശുപത്രിയിലും ഒരു സ്ത്രീ ചാവേറെത്തി. വിവാഹ ചടങ്ങിലെ സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങിനിടെ വീണ്ടും ആക്രമണമുണ്ടാവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 19 പേരെ പ്രാദേശിക തലസ്ഥാനമായ മൈദുഗുരിയിലേക്ക് കൊണ്ടുപോയി. 23 പേരെ ഇനിയും ചികിത്സയ്ക്കായി കൊണ്ടുപോകേണ്ട സാഹചര്യത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജിഹാദി ഗ്രൂപ്പായ ബൊക്കോ ഹറാമിൻ്റെ ശക്തി സമീപകാലത്തായി ചോർന്നെങ്കിലും ഇവർ നൈജീരിയൻ ഗ്രാമങ്ങളിലെ ആക്രമണങ്ങൾ തുടരുകയാണ്. 2014ൽ വടക്കൻ ബോർണോ പ്രദേശം എതിരാളികൾ പിടിച്ചെടുത്തതോടെ സംഘം ഗ്വോസയിലെക്ക് നീങ്ങുകയായിരുന്നു. തൊട്ടടുത്ത വർഷം തന്നെ ചാഡിയൻ സേനയുടെ സഹായത്തോടെ നൈജീരിയൻ സൈന്യം പട്ടണം തിരിച്ചുപിടിച്ചെങ്കിലും പട്ടണത്തിനടുത്തുള്ള പർവതങ്ങളിൽ നിന്ന് ബൊക്കോ ഹറാം ആക്രമണം തുടരുകയാണ്.