NEWSROOM

സെയ്ഫ് അലി ഖാനെതിരായ ആക്രമണം: വീട്ടില്‍ നിന്നും കണ്ടെത്തിയത് 19 സെറ്റ് വിരലടയാളങ്ങള്‍; ഒന്നു പോലും പ്രതിയുടേതല്ല

കവര്‍ച്ചാ ശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ സെയ്ഫിന് ആറ് തവണയാണ് കുത്തേറ്റത്.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ കുഴങ്ങി മുംബൈ പൊലീസ്. സെയ്ഫിന്റെ വസതിയില്‍ നിന്ന് 19 സെറ്റ് വിരലടയാളങ്ങളാണ് ശേഖരിച്ചത്. ഇതു തന്നെയാണ് പൊലീസിനെ കുഴക്കുന്നതും. പത്തൊമ്പത് വിരലടയാളങ്ങളില്‍ ഒന്നു പോലും കേസില്‍ അറസ്റ്റിലായ ഷരീഫുല്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സെയ്ഫിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ വിരലടയാളങ്ങള്‍ മുംബൈ പോലീസ് സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (സിഐഡി) ഫിംഗര്‍പ്രിന്റ് ബ്യൂറോയിലേക്ക് അയച്ചിരുന്നു. ഇവ ഷരീഫുല്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് നെഗറ്റീവാണെന്ന വിവരം മുംബൈ പൊലീസിനെ അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കവര്‍ച്ചാ ശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ സെയ്ഫിന് ആറ് തവണയാണ് കുത്തേറ്റത്. ജനുവരി 15 നായിരുന്നു ആക്രമണം നടന്നത്. ഗുരുതരമായ പരിക്കേറ്റ് മുംബൈ ലീലാവതി ആശുപത്രിയില്‍ എത്തിച്ച താരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിസ്ചാര്‍ജ് ആയത്. നടന്റെ നട്ടെല്ലിനും കുത്തേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

താരത്തിന്റെ നാലുവയസുകാരനായ മകൻ്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫ് ഏലിയാമ ഫിലിപ്പാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്. അക്രമി വിരല്‍ ചൂണ്ടിക്കൊണ്ട് മിണ്ടരുതെന്ന് ഹിന്ദിയില്‍ പറഞ്ഞെന്നും ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടാണ് സെയ്ഫ് അലിഖാന്‍ ഓടിയെത്തിയതെന്നും ഏലിയാമ്മ മൊഴി നല്‍കി. തുടര്‍ന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് മോഷ്ടാവ് സെയ്ഫിനെ കുത്തുകയായിരുന്നു. ഏലിയാമ്മയ്ക്കും മറ്റൊരു സ്റ്റാഫിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ ബംഗ്ലാദേശ് സ്വദേശി ഷരീഫുല്‍ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ പൗരത്വ രേഖകള്‍ വ്യാജമായി നിര്‍മിക്കാനായുള്ള പണത്തിനായി ബോളിവുഡ് നടന്റെ വസതിയില്‍ മോഷണത്തിന് ശ്രമിച്ചതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിക്ക് വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തയാള്‍ക്കായുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

SCROLL FOR NEXT