ചാലിയാർ പുഴയിലെ തെരച്ചിൽ 
NEWSROOM

ചാലിയാറിൽ ദുരിതം തീരുന്നില്ല; ഇന്ന് ലഭിച്ചത് 2 മൃതദേഹങ്ങളും 26 ശരീര ഭാഗങ്ങളും

ഇതുവരെ ലഭിച്ച 217 മൃതദേഹങ്ങളുടെയും ശരീരാവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ചാലിയാർ പുഴയിൽ നടത്തിയ തെരച്ചിലിൽ ഇന്ന് ലഭിച്ചത് 2 മൃതദേഹങ്ങളും 26 ശരീര ഭാഗങ്ങളും. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 75ഉം ശരീര ഭാഗങ്ങളുടെ എണ്ണം 158 ഉം ആയി.

38 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്നും ലഭിച്ചത്. ഇതുവരെ ലഭിച്ച 217 മൃതദേഹങ്ങളുടെയും ശരീരാവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. ഇതിൽ 203 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. 6 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനക്കായി അയച്ചിട്ടുണ്ട്.

അതേസമയം മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ പ്രദേശത്തെ ആളുകളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആളുകൾക്ക് കൗണ്‍സലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവൺമെൻ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എംഎസ്എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും.മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് ശേഖരിക്കുന്നത്.

SCROLL FOR NEXT