NEWSROOM

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: 2 അർധ സൈനികർ കൊല്ലപ്പെട്ടു

പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് അർധ സൈനികർ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി സ്‌ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. കൂടാതെ രണ്ട് പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിലെ (ഐടിബിപി) രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

ഐടിബിപി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ഐടിബിപി), ജില്ലാ റിസർവ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ധൂർബെദയിൽ ഒരു ഓപ്പറേഷൻ നടത്തി നാരായൺപൂരിലേക്ക് മടങ്ങുകയായിരുന്നു. അബുജ്‌മദ് മേഖലയിലെ കോഡ്‌ലിയാർ ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടാകുന്നത്.

മഹാരാഷ്ട്രയിലെ സതാരയിൽ നിന്നുള്ള അമർ പൻവാറും ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്നുള്ള കെ.രാജേഷുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഐടിബിപി ഉദ്യോഗസ്ഥർ. ഇവർ ഐടിബിപിയുടെ 53-ാം ബറ്റാലിയൻ്റെ ഭാഗമായിരുന്നു. പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അബുജ്മദ് മേഖലയിൽ സുരക്ഷാ സേന നടത്തിയ വൻ ഓപ്പറേഷനിൽ 38 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് ഐഇഡി സ്ഫോടനം നടന്നത്.

SCROLL FOR NEXT