NEWSROOM

90 സെക്കൻഡിൽ തട്ടിയെടുത്തത് 1.5 ലക്ഷം രൂപ; ബിഹാറിൽ ബാങ്ക് കൊള്ളയടിച്ച് കൗമാരക്കാർ

കള്ളന്മാരിൽ ഒരാൾ തോക്ക് കാണിച്ച് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നതും, ബാങ്കിൽ നിന്ന് എല്ലാ പണവും ശേഖരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്

Author : ന്യൂസ് ഡെസ്ക്

കയ്യിൽ തോക്കുകളുമായി മുഖം മൂടിയണിഞ്ഞ് ബാങ്ക് കൊള്ളയടിച്ച് കൗമാരക്കാർ. 90 സെക്കൻഡിൽ 1.5 ലക്ഷം രൂപയാണ് രണ്ട് കൗമാരക്കാർ ചേർന്ന് തട്ടിയെടുത്തത്. ബിഹാർ വൈശാലി ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്ക്, ഹാജിപൂർ ശാഖയിലാണ് കവർച്ച റിപ്പോർട്ട് ചെയ്തത്. ഇരുവരും കവർച്ച നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കള്ളന്മാരിൽ ഒരാൾ തോക്ക് കാണിച്ച് ബാങ്കിന് അകത്ത് ഉള്ള ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നതും, ബാങ്കിൽ നിന്ന് എല്ലാ പണവും ശേഖരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒന്നര ലക്ഷത്തിലധികം രൂപ ഇരുവരും ചേർന്ന് ബാങ്കിൽ നിന്ന് കൊള്ളയടിച്ചു. കള്ളന്മാർ ബാങ്കിൽ നിന്ന് പണം ശേഖരിക്കുന്ന സമയം ഉപഭോക്താക്കൾ പേടിച്ച് കൂട്ടം കൂടി നിൽക്കുന്നതും, ചിലർ അകത്തുള്ള കസേരകളിൽ ഇരിക്കുന്നതും വീഡിയോയിൽ ഉണ്ട്.

"17 ഉം 18 ഉം വയസുള്ള രണ്ട് പേരാണ് ആയുധങ്ങളുമായി ബാങ്കിൽ കടന്നത്. ഒന്നരലക്ഷം രൂപയുമായി ഇവർ കടന്നു. കുറ്റവാളികളുടെ ഫോട്ടോകൾ എല്ലാ ഗ്രൂപ്പുകളിലേക്കും അയച്ചിട്ടുണ്ട്, അതിലൂടെ ആളുകൾക്ക് കുറ്റവാളിയെ തിരിച്ചറിയാനും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും കഴിയും," മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ സുരഭി സുമൻ പറഞ്ഞു. ബാങ്ക് കൊള്ളയടിച്ച ശേഷം കുറ്റവാളികൾ ബാങ്ക് ഉദ്യോഗസ്ഥരെയും ഉപഭോക്താക്കളെയും അകത്ത് പൂട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിൽ ബാങ്ക് കവർച്ച നടത്തിയ പ്രതിയെ അതിവിദഗ്ദമായി പൊലീസ് പിടികൂടിയിരുന്നു. മുഖം മൂടി ധരിച്ചെത്തിയാണ് പ്രതി റിജോ ആൻ്റണി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ മോഷണം നടത്തിയത്. ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാൾ ക്യാഷ് കൗണ്ട‍ർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

മുപ്പത്തിയാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

SCROLL FOR NEXT