NEWSROOM

യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം; 20 പേർ കൊല്ലപ്പെട്ടു

ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 80ഓളം പേ‍ർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയ്ൻ മന്ത്രി ഇഹോ‍ർ ക്ലൈമെങ്കോ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം. വടക്കൻ യുക്രെയ്നിലെ സുമിയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 80ഓളം പേ‍ർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഹോ‍ർ ക്ലൈമെങ്കോ അറിയിച്ചു.

രണ്ട് മിസൈലുകളാണ് തിരക്കേറിയ ന​ഗരത്തിലേക്ക് റഷ്യ തൊടുത്തത്. അതിൽ ഒന്ന് നിറയെ യാത്രക്കാരുള്ള ഒരു ട്രോളി ബസിലാണ് പതിച്ചത്. തെരുവിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിൻ്റെയും, കാറുകൾ കത്തി നശിക്കുന്നതിൻ്റെയും, രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ രക്ഷാ പ്രവ‍ർത്തകർ രക്ഷിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

ഈ വർഷം ഉണ്ടായതിൽ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇതെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമര്‍ സെലൻസ്കി ആക്രമണത്തെ അപലപിച്ചു. റഷ്യക്കെതിരെ ഉടൻ തിരിച്ചടിക്കുമെന്നും സെലൻസ്കി അറിയിച്ചു. സാധാരണക്കാരുടെ ജീവനെടുക്കാൻ തെമ്മാടികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. വിശ്വാസികൾ പള്ളികളിലേക്ക് പോകുന്ന ഓശാന ഞായ‍ർ ദിനമാണ് ഈ ആക്രമണം ഉണ്ടായത് എന്നും, സെലൻസ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. റഷ്യയുമായുള്ള അതിർത്തിയിൽ നിന്ന് 15 മൈൽ (25 കിലോമീറ്റർ) അകലെയുള്ള സുമി, യുക്രേനിയൻ സൈനിക കേന്ദ്രമാണ്.

വെള്ളിയാഴ്ച റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ആക്രമണം.



SCROLL FOR NEXT