ദുഡുസീൽ സു​മ-​സം​ബു​ദ്‌ല 
NEWSROOM

2021ലെ ദക്ഷിണാഫ്രിക്കന്‍‌ ആഭ്യന്തര കലാപം: മുൻ പ്രസിഡൻ്റ് ജേക്കബ് സുമയുടെ മകളെ അറസ്റ്റ് ചെയ്തു

ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ദക്ഷിണാഫ്രിക്ക മുൻ പ്രസിഡൻ്റ് ജേക്കബ് സുമയുടെ മകൾ ദുഡുസീൽ സു​മ-​സം​ബു​ദ്‌ലയെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ​2021 ൽ ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നടന്ന രാജ്യവ്യാപക കലാപത്തിനു പിന്നിൽ സം​ബു​ദ്‌ലയാണെന്നാണ് പൊലീസിന്റെ ആരോപണം. കലാപത്തിൽ 300ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഡർബൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സം​ബു​ദ്‌ല സ്വയം കീഴടങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭീകരവാദവും അനുബന്ധ പ്രവർത്തനങ്ങൾക്കുമെതിരായ ഭരണഘടനാ ജനാധിപത്യ സംരക്ഷണ നിയമ പ്രകാരമാണ് സം​ബു​ദ്‌ലയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സങ്കീർണവും അപൂർവവുമായ കേസായതിനാലാണ് അന്വേഷണം വൈകിയതെന്ന് നാഷണൽ പ്രോസിക്യൂട്ടിങ് അതോറിറ്റി (എൻ‌പി‌എ) വക്താവ് മതുൻസി മാഗ അറിയിച്ചു.

കേസിൽ കുറ്റക്കാരിയാണെന്ന് സമ്മതിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സം​ബു​ദ്‌ല കോടതിയെ അറിയിച്ചു. കലാപവുമായി തന്നെ ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്നും അവർ പറഞ്ഞു. കേസ് വിചാരണയ്ക്കായി മാർച്ചിലെക്ക് മാറ്റിവെച്ച കോടതി സം​ബു​ദ്‌ലയ്ക്ക് ജാമ്യവും അനുവദിച്ചു. ജേക്കബ് സുമയുടെ ഉംഖൊണ്ടോ വീസിസ്‌വെ പാർട്ടിയുടെ പ്രവർത്തക‍ർ കേസ് പരി​ഗണിച്ച കോടതിയുടെ വെളിയിൽ തടിച്ചുകൂടിയിരുന്നു. പാർട്ടിയിലെ മുതിർന്ന അം​ഗം കൂടിയാണ് സം​ബു​ദ്‌ല. കോടതിയിലെത്തിയ ജെക്കബ് സുമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

"അവർ ഇപ്പോൾ എന്റെ മകളെ അറസ്റ്റ് ചെയ്തിരിക്കുന്നു. അവർക്ക് അവളുടെ പിതാവിനോടുള്ള പോലെ അവളോടും വെറുപ്പാണ്. അയാൾ നയിക്കുന്ന പാർട്ടിയോടും. നമ്മള്‍ നിശബ്ദരായിരിക്കാൻ പോകുകയാണോ?", സുമ പ്രവർത്തകരോട് ചോദിച്ചു.

2009 മു​ത​ൽ 2018 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ൻ്റായിരുന്ന ​ജേക്കബ് സുമ അഴിമതി ആരോപണങ്ങളുടെ പേരിലാണ് രാജിവെച്ചത്. ഇതിനു ശേഷം നടന്ന കലാപങ്ങൾ വർണവിവേചനാനന്തര കാലത്തെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമായിരുന്നു. ഒൻപത് വർഷം നീണ്ട തന്റെ ഭരണം അവസാനിപ്പിച്ച അഴിമതി ആരോപണങ്ങൾ എല്ലാം തന്നെ സുമ നിഷേധിച്ചിരുന്നു. എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സുമയുടെ വാദം. അതുകൊണ്ട് തന്നെ ജുഡീഷ്യൽ കമ്മീഷനു മുൻപാകെ മൊഴി നൽകാനും ജേക്കബ് സുമ വിസമ്മതിച്ചു.

SCROLL FOR NEXT