NEWSROOM

ദേശീയ കായിക പുരസ്കാരം: മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന; ഗുകേഷിനും മനു ഭാക്കർക്കും ഖേല്‍ രത്ന

2024 ലെ മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡിന് (റെ​ഗുലർ) മൂന്ന് പേരാണ് അർഹരായിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

2024ലെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.  മനു ഭാക്കർ, ഡി. ഗുകേഷ്, ഹർമൻപ്രീത് സിംഗ്, പ്രവീൺ കുമാർ എന്നിവരാണ് മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിന് അർഹരായത്. പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ ജേതാവാണ് മനു ഭാക്കർ. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനാണ് ഡി. ​ഗുകേഷ്. 2024 പാരീസ് ഒളിംപിക്സിൽ തുടർച്ചയായി രണ്ടാംവട്ടം ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ വെങ്കല നേട്ടത്തിലേക്ക് നയിച്ചത് ഹർമൻപ്രീത് സിംഗ് ആണ്. പാരാലിംപിക്സിൽ പുരുഷന്മാരുടെ ഹൈജംപിൽ 2.08 മീറ്റർ ചാടി റെക്കോർഡ് തകർത്ത് സ്വർണം നേടിയ അത്‌ലറ്റാണ് പ്രവീൺ.

17 പാരാ അത്‌ലറ്റുകൾ ഉൾപ്പെടെ 32 കായികതാരങ്ങളെയാണ് അർജുന അവാർഡിനായി കായിക മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി നീന്തൽ താരം സജൻ പ്രകാശും അർജുന അവാർഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. 

2024 ലെ മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡിന് (റെ​ഗുലർ) മൂന്ന് പേരാണ് അർഹരായിരിക്കുന്നത്. സുഭാഷ് റാണ (പാരാ ഷൂട്ടിങ്), ദീപാലി ദേശ്പാണ്ഡെ (ഷൂട്ടിങ്), സന്ദീപ് സാങ്വാൻ (ഹോക്കി) എന്നിവരാണ് റെ​ഗുല‍ർ വിഭാ​ഗത്തിൽ അവാർഡ് ജേതാക്കൾ. എസ്. മുരളീധരൻ ( ബാഡ്മിന്റൺ), അർമാൻഡോ ആഗ്നെലോ കൊലാക്കോ (ഫുട്ബോൾ‌) എന്നിവരാണ് ലൈഫ് ടൈം വിഭാ​​ഗത്തിൽ ​ദ്രോണാചാര്യ പുരസ്കാരം നേടിയത്.

ഫിസിക്കൽ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യക്കാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ അവാർഡ്. ഛണ്ഡി​ഗഢ് സർവകലാശാലയ്ക്കാണ് മൗലാന അബുൽ കലാം ആസാദ് (MAKA) ട്രോഫി. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി, അമൃത്സർ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുകൾ.

2025 ജനുവരി 17-ന് (വെള്ളി) 11 മണിക്ക് രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാര ജേതാക്കൾ അവരുടെ അവാർഡുകൾ ഏറ്റുവാങ്ങും.

SCROLL FOR NEXT