NEWSROOM

23 വർഷം പഴക്കമുള്ള മാനനഷ്ടക്കേസ്; മേധാ പട്ക‍ർക്ക് 5 മാസം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ച് സാകേത് കോടതി

മേധാ പട്കര്‍ക്ക് ഉത്തരവിനെതിരെ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനായി ഒരു മാസത്തേക്ക് ശിക്ഷാ നടപടി സസ്പെൻഡ് ചെയ്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഡൽഹി ലഫ്റ്റനൻറ് ഗവര്‍ണര്‍ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ട കേസിൽ പ്രമുഖ ആക്ടിവിസ്റ്റ് മേധാ പട്കര്‍ക്ക് തടവു ശിക്ഷയും, 10 ലക്ഷം രൂപ പിഴയും വിധിച്ച് ഡൽഹി സാകേത് കോടതി. വിനയ് സക്സേന 2001 ൽ നൽകിയ മാനനഷ്ടക്കേസിൽ 23 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. അഞ്ച് മാസത്തെ തടവാണ് കോടതി വിധിച്ചത്. അതേസമയം മേധാ പട്കര്‍ക്ക് ഉത്തരവിനെതിരെ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനായി ഒരു മാസത്തേക്ക് ശിക്ഷാ നടപടി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സക്‌സേനയ്ക്ക് ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്നും, അദ്ദേഹം ഭീരു ആണെന്നുമായിരുന്നു മേധാ പട്കറിൻറെ ആരോപണം. ഒപ്പം ഗുജറാത്തിലെ ജനങ്ങളെയും അവരുടെ വിഭവങ്ങളെയും വിദേശ താൽപ്പര്യങ്ങൾക്കായി സക്സേന ഉപയോഗിക്കുന്നുണ്ടെന്നും മേധ പട്കർ ആരോപിച്ചിരുന്നു. എന്നാൽ ഈ പ്രസ്താവനകൾ തൻറെ സത്യസന്ധതയ്ക്കും പൊതുസേവനത്തിനും നേരെയുള്ള ആക്രമണമാണെന്ന് സക്‌സേന പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അപകീർത്തികരമാണെന്നും കാണിച്ചാണ് വിനയ് സക്സേന പരാതി നൽകിയത്.

പ്രൊബേഷൻ വ്യവസ്ഥയിൽ തന്നെ വിട്ടയക്കണമെന്നായിരുന്നു മേധ പട്കറുടെ വാദം. എന്നാൽ തെളിവുകൾ പ്രകാരം പരമാവധി രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയുടെ പ്രായം, നേരിടുന്ന അസുഖം തുടങ്ങിയവ കണക്കിലെടുത്ത് ശിക്ഷ നടപടിയിൽ ഇളവ് വരുത്തുന്നതാണെന്നും കോടതി അറിയിച്ചു.

SCROLL FOR NEXT