ഗോരഖ്‌പൂരിൽ ലൈംഗിക അതിക്രമത്തിന് ഇരയായ 23 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. ലൈംഗിക അതിക്രമത്തെ തുടർന്ന് പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ എഫ് ഐ ആർ എടുത്ത് മണിക്കൂറുകൾക്ക് ശേഷം, വെള്ളിയാഴ്ച രാത്രി ഇര ആത്മഹത്യ ചെയ്യുകയായിരുന്നു.
നാല് പേരാണ് കുറ്റവാളികള്‍. വ്യാഴാഴ്ചയായിരുന്നു ലൈംഗിക അതിക്രമം നടക്കുന്നത്. ഹോട്ടലിൽ വെച്ച് ഇരയെ പീഡിപ്പിക്കുകയും സംഭവത്തിന്‍റെ വീഡിയോ പകർത്തി പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവില്‍ പ്രതികളില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കരൺ ( അഷുതോഷ് മിശ്ര, 26 ), ദേവേഷ് രാജ്‌നന്ദ് (24), അന്ഗഢ് കുമാർ ( 21 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഹൻ പ്രജാപതിക്കു (21 ) വേണ്ടി തിരച്ചിൽ നടത്തി വരികയാണ്. ചിലുവാത്താൽ പ്രദേശത്തുള്ള ഒരു ഹോട്ടൽ റൂമിൽ വെച്ചാണ് സംഭവം നടന്നത്, 4 പേര് ചേർന്ന് ഇരയെ ലൈംഗികമായി ആക്രമിക്കുകയും,മർദിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. ഇര സഹോദരന്‍റെ വാടക വീട്ടിൽ നിന്നുകൊണ്ട് മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.
ഒരു മാസം മുൻപാണ് ഇര പ്രതികളിൽ ഒരാളായ കരണിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പിന്നീട് കരൺ ചിലുവാത്താലിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയും വ്യാഴാഴ്ച ഇരയെ റെയിൽ വിഹാറിലുള്ള ഹോട്ടൽ റൂമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അതിനു ശേഷം മറ്റു മൂന്ന് പ്രതികൾ എത്തി ആക്രമിക്കുകയായിരുന്നു.
ഉടൻ തന്നെ ഇര പരാതിപ്പെടാന്‍ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അധികാരപരിധിയിലെ പ്രശ്നങ്ങൾ മൂലം എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ല. 377 ,506 ,384 എന്നീ വകുപ്പുകൾ ചുമത്തി വെള്ളിയാഴ്ചയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ പ്രധാന വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും നാലാമത്തെയാൾ ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.