NEWSROOM

24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് മുതല്‍ സില്‍വര്‍ലൈന്‍ വരെ; കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നത്

വിഴിഞ്ഞം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി രൂപയും ബജറ്റിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

Author : ന്യൂസ് ഡെസ്ക്

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കേരളവും. നിലവില്‍ സാമ്പത്തിക ഞെരുക്കത്തിലുള്ള കേരളം അടിസ്ഥാനപരമായി പ്രതീക്ഷിക്കുന്നത് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്. ഇത് ലഭിക്കുന്നതോടെ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി രൂപയും ബജറ്റിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ഇതിന് പുറമെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കം, റെയില്‍വേ നവീകരണം, റബ്ബറിന്റെ താങ്ങുവിലയില്‍ പരിഷ്‌കരണം, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയാവിഷ്‌കരണം, പരമ്പരാഗത മേഖലയുടെ നവീകരണം തുടങ്ങി കേരളം വലിയ രീതിയിലുള്ള പ്രതീക്ഷ തന്നെയാണ് കേന്ദ്ര ബജറ്റില്‍ ഇത്തവണ അര്‍പ്പിച്ചിരിക്കുന്നത്.

കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സ്ഥലം ഏറ്റെടുത്തിട്ട് പത്തുവര്‍ഷമായി. എയിംസിനും കേരളത്തിന് ഇതുവരെയും ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിട്ടില്ല. റോഡും കുടിവെള്ളവും ഉള്ള 200 ഏക്കര്‍ ഭൂമി നല്‍കിയാല്‍ എയിംസ് അനുവദിക്കാമെന്ന് 2014ല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ 2018ല്‍ കേന്ദ്രം അറിയിച്ചത് കേരളത്തിന്‍റെ എയിംസ് കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്നാണ്. അതേസമയം കേരളം നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ഇതുവരെയും അക്കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ല.

സില്‍വര്‍ ലൈനും ഇത്തവണത്തെ ബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷയിലൊന്നാണ്. ഒറ്റയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്ന കഴിഞ്ഞ ജൂലൈയിലെ പ്രഖ്യാപനം പദ്ധതിയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതുവരെയും സില്‍വര്‍ ലൈനിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാട്.

ധനകാര്യ കമ്മീഷന്റെ നയം മാറ്റം മൂലം പ്രതിവര്‍ഷം 15,000 കോടിയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. നികുതി വരുമാനത്തില്‍ സംസ്ഥാനത്തിന്റെ വിഹിതം കുറഞ്ഞതും, ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചതും, നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും, കേന്ദ്രത്തില്‍ നിന്നുള്ള റവന്യൂ കമ്മി ഗ്രാന്റുകള്‍ വെട്ടിക്കുറച്ചതുമെല്ലാം ഇതില്‍പ്പെടും. വായ്പാ പരിധി വര്‍ധിപ്പിക്കണം എന്ന ആവശ്യം കേരളത്തിന്റേത് മാത്രമല്ല, ഒരു ശതമാനത്തിന്റെ വര്‍ദ്ധനവാണ് കേരളത്തിന് വേണ്ടത്. സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുത്താന്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുമ്പോള്‍, അത് അടുത്ത രണ്ടുവര്‍ഷങ്ങളായി ഷെഡ്യൂള്‍ ചെയ്താലും മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

റെയില്‍വേ വികസനത്തിന് കേന്ദ്രത്തില്‍ നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നും കേരളത്തിന് പരാതിയുണ്ട്. സിഗ്‌നല്‍ നവീകരണവും മൂന്നാം വരിയും പരിഗണിച്ചില്ല. എറണാകുളം-ആലപ്പുഴ-കായംകുളം പാത ഇരട്ടിപ്പിക്കലിനും പണം നല്‍കിയില്ല. പുതിയ ട്രെയിനുകളൊന്നും അനുവദിച്ചില്ല.

ദേശീയപാത വികസനത്തിന് ചെലവിന്റെ 25 ശതമാനമായ 6000 കോടി കേരളം നല്‍കേണ്ടിവരുന്നു. ഇതിന് പുറമെയാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി സംസ്ഥാനം ചെലവഴിച്ച വിഹിതം. ഇത്തരത്തില്‍ കുടിശ്ശികയായ 3686 കോടി രൂപയും ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രത്തെ പിന്തിരിപ്പിക്കാന്‍ പ്രതിപക്ഷ പിന്തുണ സഹായമാകും എന്നാണ് കേരളത്തിന്റെ വിശ്വാസം. അതിനായി സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് എംപിമാരുടെ ഉറപ്പ് നേടിയിട്ടുണ്ട്. ഒപ്പം കേരളത്തില്‍ നിന്നും രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഇത്തവണയുണ്ടെന്നതും പ്രതീക്ഷയാണ്.

SCROLL FOR NEXT