ബിഹാറിൽ വിവിധയിടങ്ങളിൽ മിന്നലേറ്റ് ഇന്ന് 25പേർ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതമാണ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സഹായം. 13 പേരാണ് ബുധനാഴ്ച ബിഹാറിൽ മിന്നലേറ്റ് മരിച്ചത്.
നളന്ദയിൽ 18 മരണങ്ങളും സിവാനിൽ രണ്ട് മരണങ്ങളും കതിഹാർ, ദർഭംഗ, ബെഗുസാരായ്, ഭഗൽപൂർ, ജെഹനാബാദ് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) അറിയിച്ചു. ബെഗുസാരായി (5), ദർഭംഗ (4), മധുബനി (3), സമസ്തിപൂർ (1) എന്നീ ജില്ലകളിലാണ് ബുധനാഴ്ച ആളുകൾ മിന്നലേറ്റ് മരിച്ചത്. മോശം കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ സുരക്ഷിതരായിരിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ബിഹാർ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
മോശം കാലാവസ്ഥയിൽ ജനങ്ങൾ പൂർണമായും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. മോശം കാലാവസ്ഥ ഉണ്ടായാൽ, ഇടിമിന്നലിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ ദുരന്തനിവാരണ വകുപ്പ് ഇടയ്ക്കിടെ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. മോശം കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക - മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രസ്താവന പറയുന്നു.
ഏപ്രിൽ 9, 10 തീയതികളിൽ കിഷൻഗഞ്ച്, അരാരിയ, സുപോൾ, മധുബാനി, സീതാമർഹി, ഷിയോഹർ, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ എന്നീ ജില്ലകൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 10ന് കിഷൻഗഞ്ച്, സുപോൾ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്നും കലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നു.