NEWSROOM

തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും; പ്രത്യേക വിമാനം ഉച്ചയോടെ ഡൽഹിയിലെത്തും

തഹാവൂർ റാണയെ കൈമാറിയത് നരേന്ദ്രമോദി സർക്കാരിൻ്റെ നയതന്ത്രത്തിൻ്റെ വലിയ വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. റാണയുമായുള്ള പ്രത്യേക വിമാനം ഉച്ചയോടെ ഡൽഹിയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. തിഹാർ ജയിലിലാണ് റാണയെ പാർപ്പിക്കുക. റാണയുടെ താമസത്തിനായി തിഹാർ ജയിലിലെ ഒരുക്കങ്ങൾ പൂർത്തിയായതായി വൃത്തങ്ങൾ അറിയിച്ചു.

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ കൈമാറിയത് നരേന്ദ്രമോദി സർക്കാരിൻ്റെ നയതന്ത്രത്തിൻ്റെ വലിയ വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ഇന്ത്യയോടും ഇന്ത്യയിലെ ജനങ്ങളോടും മോശമായി പെരുമാറുന്നവരെ നിയമത്തിന് കീഴിൽ കൊണ്ടുവരേണ്ടത് ഇന്ത്യൻ സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.എന്നാൽ ഭീകരാക്രമണം നടക്കുമ്പോൾ ആരാണോ ഭരിച്ചത് അവർക്കൊന്നിനും കഴിഞ്ഞില്ലെന്നും ഷാ വിമർശനമുന്നയിച്ചു.

കഴിഞ്ഞ ദിവസം തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറിയിരുന്നു. റാണയെ ഇന്ത്യയില്‍ എത്തിക്കുന്നത് സംബന്ധിച്ച് മുംബൈയിലെയും ഡല്‍ഹിയിലേയും ജയിലുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ മേല്‍നോട്ടം വഹിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരിക്കും. ഇന്ത്യയ്ക്ക് കൈമാറരുതെന്ന അടിയന്തര അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്.

ഫെബ്രുവരി 27നാണ് തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ ഒരു അടിയന്തര ഹര്‍ജി യുഎസ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നത്. മാര്‍ച്ചില്‍ ഈ ഹര്‍ജി കോടതി തള്ളിയിരുന്നു. എന്നാല്‍ റാണ ഹര്‍ജി വീണ്ടും പുതുക്കി നല്‍കുകയായിരുന്നു. ആദ്യത്തെ ഹര്‍ജി ജസ്റ്റിസ് കാഗനായിരുന്നു പരിഗണിച്ചിരുന്നതെങ്കില്‍ പുതുക്കിയ ഹര്‍ജി നേരിട്ട് ചീഫ് ജസ്റ്റിസ് റോബേര്‍ട്ട്സാണ് പരിഗണിച്ചത്. തിങ്കളാഴ്ചയാണ് അപേക്ഷ തള്ളിയതായി സുപ്രീം കോടതി അറിയിച്ചത്.

പാകിസ്ഥാന്‍ വംശജനായ താന്‍ ഒരു മുസ്ലീമായതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ കടുത്ത പീഡനം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു റാണ അപ്പീലില്‍ പറഞ്ഞത്. ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്, പാര്‍ക്കിന്‍സണ്‍സ് രോഗം, മൂത്രാശയ കാന്‍സറിന് സൂചന നല്‍കുന്ന രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്നായിരുന്നു റാണയുടെ വാദം.

പാകിസ്ഥാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനിക ഡോക്ടറായ തഹാവൂര്‍ ഹുസൈന്‍ റാണ, കനേഡിയന്‍ പൗരത്വം നേടി താമസം മാറുകയായിരുന്നു. 164 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് റാണ. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങി മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ആക്രമണം. ഭീകരാക്രമണ കുറ്റത്തിന് ഇയാളെ പതിനാല് വര്‍ഷം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് റാണയ്‌ക്കെതിരായ ആരോപണം.

SCROLL FOR NEXT