NEWSROOM

സംസ്ഥാനത്ത് 27 ക്യാമ്പസ് വ്യവസായ പാർക്കുകൾ ഈ വർഷം ആരംഭിക്കും; മന്ത്രി പി. രാജീവ്

വിദ്യാർഥികളിൽ സംരംഭകത്വം വളർത്താനും, വ്യവസായ-അക്കാദമിക ബന്ധം ശക്തിപ്പെടുത്താനും ക്യാമ്പസ് വ്യവസായ പാർക്കുകൾ വഴിയൊരുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഈ വർഷം സംസ്ഥാനത്ത് 27 ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യാവസായിക മന്ത്രി പി. രാജീവ് പറഞ്ഞു. ക്യാമ്പസിനോട് ചേർന്നു ഭൂമി ലഭിക്കുന്നിടത്തായിരിക്കും വ്യവസായ പാർക്കുകൾ തുടങ്ങുന്നത്. പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് സംരംഭകരാകാമെന്നും അടിസ്ഥാന സൗകര്യത്തിനുള്ള തുക സർക്കാർ നൽകുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ വ്യവസായിക മേഖലയിൽ കേരളത്തിൽ വിപ്ലവകരമായ ചുവടുവെപ്പാണ് ക്യാമ്പസ് വ്യവസായ പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാർഥികളിൽ സംരംഭകത്വം വളർത്താനും, വ്യവസായ-അക്കാദമിക ബന്ധം ശക്തിപ്പെടുത്താനും ക്യാമ്പസ് വ്യവസായ പാർക്കുകൾ വഴിയൊരുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.80 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ പാർക്കുകൾക്കായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും 27 എണ്ണം ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചുരുങ്ങിയത് 5 ഏക്കർ ഭൂമി കൈവശമുള്ള സർവകലാശാലകൾ, ആർട്ട്‌സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, പദ്ധതിക്ക് അപേക്ഷ നൽകാം. 30 വർഷത്തേക്കായിരിക്കും ഡെവലപ്പർ പെർമിറ്റ് അനുവദിക്കുക. പദ്ധതിയുടെ മാർഗരേഖ ഫെബ്രുവരിയിൽ പുറത്തിറക്കിയിരുന്നു. പാർക്കിലെ റോഡ്‌, വൈദ്യുതി, ഡ്രെയ്നേജ്, മാലിന്യ നിർമാർജന പ്ലാന്റ്‌, ലാബ്, ടെസ്റ്റിങ്‌ ആൻഡ്‌ സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ എന്നിവ ഒരുക്കാൻ ഏക്കറിന്‌ 20 ലക്ഷം രൂപ നിരക്കിൽ പരമാവധി 1.5 കോടി രൂപവരെ നൽകും. സ്റ്റാൻ്റേഡ് ഡിസൈൻ ഫാക്ടറിക്ക്‌ കെട്ടിടനിർമാണം ഉൾപ്പടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ 1.5 കോടി രൂപയും സർക്കാർ നൽകുമെന്നും മന്ത്രി പി. രാജിവ് പറഞ്ഞു.

SCROLL FOR NEXT