NEWSROOM

ഇന്ത്യക്കാരല്ല; അസമിൽ പൗരത്വം ലഭിക്കാത്ത 28 ബംഗാളി മുസ്ലിങ്ങളെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി

ഒമ്പത് സ്ത്രീകളും 19 പുരുഷന്മാരും അടക്കം 28പേരെയാണ് ഗോൾപാറ ജില്ലയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയത്

Author : ന്യൂസ് ഡെസ്ക്


അസമിൽ പൗരത്വം ലഭിക്കാത്ത 28 ബംഗാളി മുസ്ലിങ്ങളെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഫോറിൻസ് ട്രൈബ്യൂണലിന്റെ വിധിയെ തുടർന്നാണ് നടപടി. ഒമ്പത് സ്ത്രീകളും 19 പുരുഷന്മാരും അടക്കം 28പേരെയാണ് ഗോൾപാറ ജില്ലയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവർ ഇന്ത്യക്കാരല്ലെന്നും വിദേശികളാണെന്നുമാണ് ട്രൈബ്യൂണൽ വിധിച്ചത്. നിയമപരമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് കനത്ത സുരക്ഷയിൽ ആണ് ട്രാൻസ്ഫർ നടപടികൾ നടന്നത് എന്ന് ബാർപേട്ട പൊലീസ് അറിയിച്ചു.

ഇത്തവണത്തെ സെൻസസിനൊപ്പം എൻആർസി കൂടി കേന്ദ്രം നടപ്പാക്കിയാൽ ഇന്ത്യയുടെ തെരുവുകളിളെല്ലാം ഇത്തരത്തിൽ പൊട്ടിക്കരയുന്നതോ നാടുകടത്തപ്പെടുന്നതോ ആയ മുസ്ലിങ്ങളെ കാണേണ്ടി വരുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീന്റെ പ്രസിഡന്റും എംപിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു. അസമിലെ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താനും നാടുകടത്താനുമായാണ് 2019 ഓഗസ്റ്റില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയത്.

ഇതുപ്രകാരം വ്യക്തികളോ അവരുടെ പൂർവികരോ 1971 മാർച്ച് 24നു മുൻപ് അസമിൽ എത്തിയവരായിരിക്കണം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തടങ്കലില്‍ വയ്ക്കുക എന്നതാണ് എന്‍ആര്‍സികൊണ്ട് ഉദ്ദേശിക്കുന്നത്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും 3 കോടി 11 ലക്ഷം ആളുകളെ പട്ടികയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.

SCROLL FOR NEXT