NEWSROOM

കനത്ത വെള്ളപ്പൊക്കത്തിൽ ജയിലിന്റെ മതിൽ തകർന്നു; നൈജീരിയയിൽ 281 തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ

ജയിൽ ചാടിയവരിൽ തീവ്രവാദി സംഘടനയായ ബോക്കോ ഹറാമിലെ അംഗങ്ങളുമുണ്ടെന്നും അധികൃതർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്


രണ്ട് ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ  വടക്കുകിഴക്കൻ നൈജീരിയയിലെ ജയിലിൽ നിന്ന് 200-ലധികം തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ജയിൽ മതിൽ തകർന്നതാണ് തടവുകാർ രക്ഷപെടാൻ ഇടയാക്കിയത്. ജയിലിൽ വെള്ളം കയറിയതിനെ തുടർന്ന് മറ്റൊരു സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതിനിടെയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. 281 തടവുകാർ ആണ് ജയിൽ ചാടിയത്.

ജയിൽ ചാടിയവരിൽ തീവ്രവാദി സംഘടനയായ ബോക്കോ ഹറമിലെ അംഗങ്ങളുമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. രക്ഷപ്പെട്ടവരിൽ ഏഴു പേരെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. അതേസമയം ശക്തമായ മഴയെ തുടർന്ന് ഡാം പൊട്ടിയതു മൂലം ആഴ്ച്ചകളായി തുടരുന്ന വെള്ളപ്പൊക്കത്തിൽ 269 പേർ മരിക്കുകയും 640,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

നൈജീരിയയിൽ മൂന്നുകോടിയിൽ അധികം ജനങ്ങളാണ് കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്നത്. വരും ആഴ്ചകളിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ കോളറ പടരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്.

SCROLL FOR NEXT