NEWSROOM

കോഴിക്കോട് കൊമ്മേരിയിൽ 3 പേർക്ക് കൂടി മഞ്ഞപ്പിത്തം; ഈയാഴ്ച രോഗം സ്ഥിരീകരിച്ചത് 42 പേർക്ക്

പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ 42 പേർക്കാണ് ഒരാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കൊമ്മേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു. 

കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് ഉൾപ്പെടെയുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കോര്‍പറേഷന്‍. ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തിരുന്നു. മെഡിക്കൽ ക്യാമ്പിന്റെ പരിശോധന ഫലവും ഉടൻ പുറത്ത് വരും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച 42 പേരിൽ 10 പേർ ആശുപത്രി വിട്ടു.

കൊമ്മേരിയിലെ പൊതുകിണറിലെ വെള്ളത്തിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവും കോര്‍പറേഷൻ ഉയർത്തുന്നുണ്ട്. വിഷയത്തിൽ ജനകീയ സമിതിയെ പഴിചാരുകയാണ് കോര്‍പറേഷന്‍.

പ്രദേശത്തെ 4 കിണറുകളില്‍ നിന്നുളള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാതെയുള്ള കോര്‍പറേഷന്‍റെ വിമർശനം. രോഗവ്യാപനം തടയാനായി പ്രദേശത്ത് കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്.

അതേസമയം ജനങ്ങൾ ഉത്തരവാദിത്വം മറക്കരുതെന്നായിരുന്നു കോർപറേഷൻ മേയർ ബീന ഫിലിപ്പിൻ്റെ പ്രതികരണം. മഴ തുടങ്ങുന്നതിന് മുൻപ് കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യണം എന്ന് നിർദ്ദേശം നൽകിയിരുന്നു. കിണറുകൾ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ വാർഡ് കൗൺസിലറും ശ്രദ്ധിച്ചില്ല. കൊമ്മേരിയിലെ ജനങ്ങൾക്ക് ബോധവത്കരണ ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്നും ബീന ഫിലിപ്പ് അറിയിച്ചിരുന്നു.

SCROLL FOR NEXT