NEWSROOM

300 പവനും ഒരു കോടി രൂപയും മോഷണം പോയ സംഭവം; സിസിടിവി ദൃശ്യങ്ങളും വിരലടയാളവും കേന്ദ്രീകരിച്ച് അന്വേഷണം

മോഷണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

വളപട്ടണം കവര്‍ച്ചയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. വളപട്ടണം മന്നയിലെ അഷ്റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒരു കോടി രൂപയും മുന്നൂറ് പവനുമാണ് മോഷണം പോയത്.

വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും, സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വീട്ടുപരിസരത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. നേരത്തെ സമാനരീതിയില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതികളുടെ വിരലടയാളമുള്‍പ്പെടെ ഒത്തുനോക്കിയും അന്വേഷണം നടക്കുന്നുണ്ട്.


ഡോഗ് സ്‌ക്വാഡ് ട്രാക്ക് ചെയ്ത വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. പൊലീസ് നായ മണം പിടിച്ച് റെയില്‍വേ ട്രാക്കിലൂടെ വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിടാനുള്ള സാധ്യത പൊലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുക്കുന്നില്ല.

പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒഴികെ മറ്റ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്ത വളപട്ടണം സ്റ്റേഷനില്‍ അര്‍ധരാത്രിയും പുലര്‍ച്ചെയുമായി നിര്‍ത്തുന്ന ട്രെയിനുകള്‍ ഇല്ലെന്നതാണ് ഇതിന് കാരണം. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മോഷണ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന സാധ്യത പൊലീസ് തള്ളുന്നുമില്ല. മോഷണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


SCROLL FOR NEXT