ആലപ്പുഴ കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട വാര്‍ത്തയോടെയാണ് ഡിസംബര്‍ മാസം ആരംഭിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു വിദ്യാര്‍ഥി ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചതോടെ മരണ സംഖ്യ ആറായി.
ഡിസംബര്‍ രണ്ട് തിങ്കളാഴ്ച രാത്രിയായിരുന്നു കേരളത്തെയാകെ വേദനയിലാക്കിയ അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ്, എടത്വ സ്വദേശി ആല്വിന് എന്നിവരാണ് മരിച്ചത്. 9.30 നുള്ള സിനിമയ്ക്ക് 11 വിദ്യാര്‍ഥികള്‍ ഞെരിഞ്ഞമര്‍ന്നു പോയ കാര്‍ 9.20 ന് അപകടത്തില്‍പെടുകയായിരുന്നു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമായിരുന്നു അപകടകാരണം.
ഇതിനു പിന്നാലെ, പാലക്കാട് പനയമ്പാടത്ത് സിമന്റ് കയറ്റി വന്ന ലോറി ദേഹത്ത് മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ചു. കരിമ്പ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, നിത, റിദ, ആയിഷ എന്നിവരാണ് ഡിസംബര്‍ 12ന് ഉണ്ടായ കല്ലടിക്കോട് അപകടത്തില്‍ മരിച്ചത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് ലോറി മറിയുകയായിരുന്നു.
Also Read: നാല് കുട്ടികളുടെ ജീവന് പൊലിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; കല്ലടിക്കോട് പ്രതിഷേധവുമായി നാട്ടുകാര്‍
ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളുണ്ടായ സ്ഥലത്താണ് നാല് കുട്ടികള്‍ക്കും ജീവന് നഷ്ടമായത്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകട കേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല. അശാസ്ത്രീയമായ റോഡ് നിര്‍മാണം അപകട കാരണമായെന്ന് ഗതാഗത മന്ത്രിയും പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട കൂടലിലുണ്ടായ അപകടത്തില്‍ നവ ദമ്പതികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസിലേക്ക് എതിരെ വന്ന കാര്‍ ഇടിച്ചു കയറിയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡിസംബറില്‍ മാത്രം കേരളത്തിലുണ്ടായ വലിയ അപകടങ്ങളുടെ കണക്കുകളാണിത്. ഇത് കൂടാതെ നിരവധി അപകടങ്ങളും മരണങ്ങളും ഈ മാസം ഇതുവരെ സംഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലുണ്ടാകുന്ന റോഡ് അപകടങ്ങളില്‍ മൂവായിരവും നാലായിരവും പേരാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ആകെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടം നടക്കുന്ന ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും.
ഈ വര്‍ഷം ഇതുവരെ...
ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കേരള പൊലീസിന്റെ കണക്കനുസരിച്ച് 40,821 റോഡ് അപകടങ്ങളാണ് നടന്നത്. ഇതില്‍ 3,168 പേര്‍ക്ക് ജീവന് നഷ്ടമായി. 45,657 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ വര്‍ഷം 4,080 പേരാണ് റോഡ് അപകടങ്ങളില്‍ മാത്രം കേരളത്തില്‍ മരിച്ചത്. 48,091 അപകടങ്ങളുണ്ടായി. 2016 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടായത് 2023 ലായിരുന്നു. 54,320 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഡ്രൈവറുടെ പിഴവ് മൂലമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായതെന്നാണ് കണക്കുകള്‍ പറയുന്നത്. 4,080 മരണങ്ങളില്‍ 2,292 ഉം ഡ്രൈവറുടെ പിഴവ് മൂലമുള്ള മരണങ്ങളാണ്. മറ്റ് വാഹനങ്ങളിലെ ഡ്രൈവറുടെ പിഴവ് മൂലം 512 പേര് മരിച്ചു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ 221 അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള റോഡ് അപകടങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് കേരള പൊലീസിന്റെ വെബ്സൈറ്റില്‍ ലഭ്യമായത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടായ വാഹനപകടങ്ങളുടേയും മരണങ്ങളുടേയും എണ്ണമെടുത്താല്‍ കണക്കുകള്‍ ഇനിയും കുതിച്ചുയരും.
അപകടത്തിന്റെ കാരണങ്ങള്‍
കണക്കുകള്‍ അനുസരിച്ച് ഡ്രൈവറുടെ പിഴവ് മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. റോഡുകളുടെ അപാകതമൂലമുണ്ടായ 75 അപകടങ്ങളില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. അശ്രദ്ധ മൂലമാണ് പല അപകടങ്ങളും ഉണ്ടാകുന്നതെന്ന് ഗതാഗത മന്ത്രി തന്നെ പറയുന്നു. കേരളത്തിലെ പല റോഡുകളുടെയും നിര്‍മാണം അശാസ്ത്രീയമാണെന്നാണ് അടുത്തിടെയുണ്ടായ പല അപകടങ്ങളും ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് പനയമ്പാടത്തും ഇന്ന് പത്തനംതിട്ടയിലുണ്ടായതും സ്ഥിരം അപകടമേഖലകളിലാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നത്. പത്തനംതിട്ടയിലെ അപകടമുണ്ടായ റോഡിനെ കുറിച്ച് 2021ഇല് സ്ഥലം എംഎല്‍എ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹൈവേയോട് അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടതാണ്. നടപടി ഉണ്ടായില്ലെന്ന് ഗതാഗത മന്ത്രി പറയുന്നു. ഓരോ അപകടങ്ങളുണ്ടാകുമ്പോഴും റോഡുകളുടെ നിലവാരം ഉയരണം, ഒപ്പം ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടണം, നിയമലംഘനങ്ങള്‍ക്ക് ശിക്ഷയും ലഭിക്കണമെന്ന് മന്ത്രിമാരും ബന്ധപ്പെട്ട അധികാരികളും ആവര്‍ത്തിച്ച് പറയുമ്പോഴും അപകടങ്ങള്‍ മാത്രം കുറയുന്നില്ല.
Also Read: റോഡപകടം കുറയ്ക്കാനുള്ള ആക്ഷൻ പ്ലാനിലേയ്ക്ക് നിർദേശങ്ങൾ; സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ട്
ശ്രദ്ധിക്കണം, നഷ്ടമാകുന്നത് ജീവനും ജീവിതവുമാണ്
അമിതവേഗത, അപകടകരമായ ഓവര്‍ടേക്കിംഗ്, മത്സരബുദ്ധിയോടെയുള്ള ഡ്രൈവിംഗ്, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, വിശ്രമരഹിതമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, കാല്‍നടയാത്രക്കാരോടും, ടൂ വീലര്‍, ത്രീ വീലര്‍ എന്നീ ചെറിയ വാഹനങ്ങളോടുമുള്ള അവഞ്ജയോടു കൂടിയ ഡ്രൈവിങ്, ശരിയായ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിക്കല്‍ എന്നിവയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇക്കഴിഞ്ഞ നവംബര്‍ അവസാനം തൃശൂര്‍ നാട്ടികയില്‍, ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് തടി ലോറി ഇരച്ചുകയറി അഞ്ച് പേര് ചതഞ്ഞരഞ്ഞ് മരിച്ചതും ഓര്‍ക്കേണ്ടതാണ്.
വാഹനവുമായി റോഡിലേക്കിറങ്ങുമ്പോള്‍ ഓര്‍ക്കണം, നഷ്ടമാകുന്നത് ജീവനും ജീവിതവുമാണ്, അത് സ്വന്തമായാലും മറ്റുള്ളവരുടേതായാലും... അതിനാല്‍, അശ്രദ്ധയും അമിത ആത്മവിശ്വാസവും വേണ്ട.