കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ മാത്രം 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ വാർഡുകളിലായാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ബിഎം നഗർ വാർഡിൽ മാത്രം 26 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് മാസത്തിനിടെ 351 പേർക്കാണ് തൃക്കാക്കരയിൽ രോഗബാധ സ്ഥിരീകരിച്ചത്.
ചിറ്റേത്തുകര, നിലംപതിഞ്ഞിമുകൾ, അത്താണി വാഴക്കാല, കാക്കനാട്, വാർഡുകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ തൃക്കാക്കരയിൽ 351 പേർക്ക് ഡെങ്കിപ്പനി ബാധിച്ചത്. പനി ബാധിച്ചവരുടെ സിറം പരിശോധിച്ചപ്പോഴാണ് ഡെങ്കി അണുബാധ തെളിഞ്ഞത്.
ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറല് രോഗമാണ് ഡെങ്കിപ്പനി. 'ബ്രേക്ക്ബോൺ ഫീവർ' എന്നും ഇത് അറിയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന താപനില, മഴയുടെ ശക്തി കുറയുന്നതും കൊതുകുകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. ഡെങ്കിപ്പനി എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കാം. ഉയർന്ന പനിയും പനിയുടേതായ ലക്ഷണങ്ങളുമാണ് ഇതിനുള്ളത്.
Also Read; മഴക്കാലം ആശുപത്രിയിലാക്കണ്ട ! കരുതിയിരിക്കാം ഈ രോഗങ്ങളെ
കഠിനമായ പനി, ദേഹം വേദന, കണ്ണിനു പുറകിൽ വേദന, തലവേദന,ഛർദി, ശരീരത്തിൽ ചുവന്ന കുരുക്കൾ, ഓക്കാനം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനി കുറയാതെ തുടരുന്ന സാഹചര്യമാണെങ്കില്‍ രക്തപരിശോധനയിലൂടെ രോഗം നിർണയിക്കാം.
രോഗം പിടിപെട്ടാല്‍ മൂന്നാം ദിവസം മുതൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു തുടങ്ങും. രക്തസമ്മർദ്ദം കുറയുന്നത് മറ്റ് അവയവങ്ങളെയും ബാധിക്കാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. മൂന്ന് മുതൽ 15 ദിവസത്തെ ഇൻക്യുബേഷൻ കാലയളവിനു ശേഷമാണ് പനിയും മറ്റ് ലക്ഷണങ്ങളും പ്രകടമാകുന്നത്. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.