NEWSROOM

ഭരണ അട്ടിമറി നീക്കം; കോംഗോയില്‍ 37 പേർക്ക് വധശിക്ഷ വിധിച്ച് പട്ടാള കോടതി

മൂന്ന് അമേരിക്കക്കാർ, ഒരു ബ്രിട്ടീഷ് പൗരൻ, ഒരു ബെൽജിയൻ പൗരൻ, ഒരു കനേഡിയൻ പൗരൻ എന്നിവരും വധശിക്ഷവിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തീവ്രവാദം, കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ.

Author : ന്യൂസ് ഡെസ്ക്

കോംഗോയില്‍ ഭരണ അട്ടിമറി നീക്കത്തില്‍ പങ്കാളികളായ 37 പേർക്ക് വധശിക്ഷ വിധിച്ച് പട്ടാള കോടതി. ഇക്കഴിഞ്ഞ മെയ്യില്‍ പ്രസിഡന്‍റിന്‍റെ വസതി കെെയ്യേറാന്‍ ശ്രമിച്ചവർക്കാണ് വധശിക്ഷ വിധിച്ചത്. ജയില്‍ മുറ്റത്ത് നിന്നുള്ള വിധിപ്രഖ്യാപനത്തിന്‍റെ തത്സമയ സംപ്രേഷണവും നടത്തി.

കോംഗോ പ്രസിഡൻ്റ് ഫെലിക്‌സ് ഷിസെക്കെദിയെ അട്ടിമറിക്കാന്‍ സായുധനീക്കം നടത്തിയ സംഘത്തിലെ 37 പേർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കിൻഷാസയിലെ എൻഡോലോ സൈനിക ജയില്‍ മുറ്റത്ത് തയ്യാറാക്കിയ താത്കാലിക കൂടാരത്തില്‍വെച്ചായിരുന്നു വിധിപ്രഖ്യാപനം. പ്രതികളെ നിരത്തി നിർത്തി, ഓരോരുത്തരുടേയും പേര് വിളിച്ച് വിധശിക്ഷ പ്രഖ്യാപിച്ചു. നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.

മൂന്ന് അമേരിക്കക്കാർ, ഒരു ബ്രിട്ടീഷ് പൗരൻ, ഒരു ബെൽജിയൻ പൗരൻ, ഒരു കനേഡിയൻ പൗരൻ എന്നിവരും വധശിക്ഷവിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തീവ്രവാദം, കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. 2003 മുതല്‍ 21 വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് കോംഗോ വധശിക്ഷ പുനസ്ഥാപിച്ചത്.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിച്ചുവന്ന കോംഗോ പ്രതിപക്ഷ നേതാവ് ക്രിസ്റ്റ്യൻ മലംഗയുടെ നേതൃത്വത്തിൽ മെയ് 19 നാണ് പ്രസിഡൻ്റിൻ്റെ വസതിയിലേക്ക് സായുധ അട്ടിമറി നീക്കം നടന്നത്. പാർലമെൻ്ററി സ്പീക്കറും പ്രസിഡന്‍റിന്‍റെ അടുത്ത അനുയായിയുമായ വിറ്റൽ കമെർഹെയുടെ കിൻഷാസയിലെ വസതിക്ക് നേർക്കായിരുന്നു ആദ്യ ആക്രമണം. തുടർന്ന് പ്രസിഡന്‍റിന്‍റെ ഓഫീസും കുറച്ചുസമയത്തേക്ക് സംഘം കെെയ്യേറി. എന്നാല്‍ സെെന്യവുമായുള്ള ഏറ്റുമുട്ടലില്‍ അട്ടിമറിനീക്കം പരാജയപ്പെട്ടു. മലംഗ അടക്കം ആറ് പേർ കൊല്ലപ്പെട്ടു.

ആക്രമണത്തിന്‍റെ ലൈവ് സ്ട്രീമിംഗിനിടെയാണ് മലംഗ വെടിയേറ്റ് വീണത്. അട്ടിമറിനീക്കത്തില്‍ മലംഗയ്ക്കൊപ്പമുണ്ടായിരുന്ന 21 കാരനായ മകന്‍ മാർസൽ മലംഗയും സുഹൃത്തും വധശിക്ഷ വിധിക്കപ്പെട്ടവരിലുണ്ട്. അമേരിക്കന്‍ പൌരനായ മാർസല്‍, പിതാവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആക്രമണത്തിന്‍റെ ഭാഗമാക്കിയതെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴി.

SCROLL FOR NEXT