കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം. ദുരിതബാധിതര്‍ക്കുള്ള പരിചരണത്തിന് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ 376.84 ലക്ഷം രൂപ അനുവദിച്ചു. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ ദുരിതബാധിതരും അവരുടെ കുടുംബവും കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താൻ ആലോചിക്കുന്നതിനിടയിലാണ് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവിട്ടത്.
കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കൊണ്ട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറാണ് ഫണ്ട് അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. ദേശീയ ആരോഗ്യദൗത്യം വഴി നല്‍കിയിരുന്ന കേന്ദ്ര സഹായം നിര്‍ത്തലാക്കിയതോടെ ദുരിതത്തിലായവര്‍ക്ക് അടിയന്തര തുടര്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് അനുവദിച്ചത്.
ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലായി 6727 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയാണ് കണ്ടെത്തിയത്. ഇവർക്ക് മരുന്ന്, മെഡിക്കല്‍ ഉപകരണ വിതരണം, മനുഷ്യ വിഭവശേഷി നല്‍കല്‍, ആംബുലന്‍സ് സൗകര്യം, ഡയപ്പര്‍ വാങ്ങല്‍,സമാശ്വാസ ചികിത്സ, എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ എന്നിവയ്ക്കുള്ള തുകയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രകാരം ദുരിതബാധിതർക്ക് ലഭ്യമാകുക.