38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി ആദ്യ മെഡൽ നേടി സജൻ പ്രകാശ്. രണ്ട് ഇനങ്ങളിലാണ് സജൻ വെങ്കലം നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ് വെങ്കല നേട്ടം. ഒരു മിനിറ്റ് 53.73 സെക്കൻഡിലാണ് സജൻ 200 മീറ്റർ ഫ്രീസ്റ്റൈൽ മത്സരം പൂർത്തിയാക്കിയത്.
ബുധനാഴ്ച രാവിലെ നടന്ന 200 മീ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജൻ പ്രകാശ് ഫൈനലിലെത്തിയത്. തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സജൻ. ദേശീയ ഗെയിംസിൽ 26 മെഡലാണ് താരത്തിന്റെ നേട്ടം. കേരള പൊലീസ് അസി. കമാൻഡന്റായ താരം കഴിഞ്ഞവർഷം ലോക പൊലീസ് മീറ്റിൽ 10 ഇനങ്ങളിൽ സ്വർണം നേടിയിരുന്നു.
അതേസമയം, മഹാരാഷ്ട്രയ്‌ക്കെതിരെ നേരിട്ട തോൽവിയിൽ നിന്നും വിജയ പാതയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് കേരളം പുരുഷ റഗ്ബി ടീം. 19-12 നാണ് കേരളം ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തിയത്. പശ്ചിമ ബംഗാളിനെതിരെ വനിത വോളിബോൾ ടീമും വിജയിച്ചു. 3-0 (25-22, 25-15, 25-11) ആയിരുന്നു വിജയം.