NEWSROOM

ശ്രീലങ്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ 39 പേര്‍; തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 21 ന്

സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ആണെങ്കിലും ഒരു വനിതാ സ്ഥാനാര്‍ഥി പോലും മത്സര രംഗത്ത് ഇല്ല

Author : ന്യൂസ് ഡെസ്ക്

അടുത്ത മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ശ്രീലങ്കയില്‍ മത്സരിക്കുന്നത് 39 സ്ഥാനാര്‍ഥികള്‍. മൂന്ന് തമിഴ് ന്യൂനപക്ഷ സ്ഥാനാര്‍ഥികളും ഒരു ബുദ്ധ സന്യാസി അടക്കമുള്ളവരാണ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ആണെങ്കിലും ഒരു വനിതാ സ്ഥാനാര്‍ഥി പോലും മത്സര രംഗത്ത് ഇല്ല എന്നതും ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ 21 നാണ് ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ്.

2019 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 35 പേരായിരുന്നു നാമനിര്‍ദേശം നല്‍കിയത്. 1982 ഒക്ടോബറില്‍ നടന്ന ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആറ് പേര്‍ മാത്രമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

22 ജില്ലകളിലായി 17 മില്യണ്‍ വോട്ടര്‍മാരാണ് ശ്രീലങ്കയിലുള്ളത്. നിലവിലെ പ്രസിഡന്റ് വിക്രമസിംഗയെ കൂടാതെ, രാജപക്സെ പരമ്പരയില്‍ നിന്ന് 38 കാരനായ നമല്‍ രാജപക്സെ, പ്രധാന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മാര്‍ക്സിസ്റ്റ് ജെവിപി നേതാവ് അനുര കുമാര ദിസനായകെ എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.


കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെയുണ്ടായ സര്‍ക്കാര്‍വിരുദ്ധ ജനകീയ പ്രക്ഷോഭത്തില്‍ 2022 ലാണ് പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ, പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ, ധനമന്ത്രി ബേസില്‍ രജപക്‌സെ എന്നിവര്‍ സ്ഥാനമൊഴിഞ്ഞത്. ജനകീയ പ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്.



SCROLL FOR NEXT