NEWSROOM

മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം: 39 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ശിവസേന എംഎൽഎ നരേന്ദ്ര ഭോണ്ടേക്കർ പാർട്ടി ഉപനേതൃസ്ഥാനം രാജിവെച്ചു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ മന്ത്രിസഭ വിപുലീകരണത്തിൻ്റെ ഭാഗമായി ഇന്ന് 39 ജനപ്രതിനിധികൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗ്പൂർ വിധാൻസഭാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ സി. പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഉപമുഖ്യമന്ത്രിമാരായ എക്നാഥ് ഷിൻഡെ, അജിത് പവാർ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


നവംബർ 23 ന് നടന്ന വോട്ടെണ്ണൽ മികച്ച വിജയം നേടിയിട്ടും ഏറെ അനിശ്ചിതാവസ്ഥകളാണ് മഹായുതി സർക്കാർ രൂപീകരണത്തിലുണ്ടായത്. പിന്നീട് ഡിസംബർ അഞ്ചിന് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏകനാഥ് ഷിൻഡെയും അജിത് പവാറും മാത്രമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. നാളെ മഹാരാഷ്ട്രാ നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്‌പുരിൽ തുടങ്ങാനിരിക്കെയാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കിയത്.



മൂന്ന് വനിതകളുൾപ്പെടെ ബിജെപിയുടെ 19, ശിവസേനയുടെ 11, എൻസിപിയുടെ 9 ഉൾപ്പെടെ 39 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ 33 പേർ ക്യാബിനറ്റ് മന്ത്രിമാരും ആറു പേർ സഹമന്ത്രിമാരുമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, രത്‌നഗിരി-സിന്ധുർഗ് എംപി നാരായൺ റാണെയുടെ മകൻ നിതേഷ് റാണെ, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ, രാധാകൃഷ്ണ വിഖെ പാട്ടീൽ, ചന്ദ്രകാന്ത് പാട്ടീൽ, മംഗൾ പ്രഭാത് ലോധ, പങ്കജ മുണ്ടെ, ഗണേഷ് നായിക്, അതുൽ സേവെ,ഗോത്രവർഗ നേതാവായ അശോക് ഉയികെ, ശിവേന്ദ്രസിങ് ഭോസാലെ,ജയകുമാർ ഗോർ, ഗിരീഷ് മഹജൻ തുടങ്ങിയവരാണ് ബിജെപി മന്ത്രിമാർ.

ശിവസേനയുടെ ഗുലാബ്‍ റാവു പാട്ടീൽ, ഉദയ് സാമന്ത്, ദാദാജി ദഗഡു ഭൂസെ, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, പ്രതാപ് സർനായിക്, യോഗേഷ് കദം, ആശിഷ് ജെയ്‍സ്വാൾ, ഭരത് ഗൊഗവലെ, പ്രകാശ് അബിത്കർ, സഞ്ജയ് ശീർശത് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയിൽ നിന്ന് അദിതി തത്‌കരെ, ബാബ സാഹേബ് പാട്ടിൽ, ദത്താത്രയ് ഭാർനെ, ഹസൻ മുഷ്‌രിഫ്, നർഹരി സിർവാൾ, മകരന്ദ് പാട്ടീൽ, ഇന്ദ്രനൈൽ നായിക്, ധനഞ്ജയ് മുണ്ടെ, മണിക്‌റാവു കൊക്കാട്ടെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അതേസമയം മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ശിവസേന എംഎൽഎ നരേന്ദ്ര ഭോണ്ടേക്കർ പാർട്ടി ഉപനേതൃസ്ഥാനം രാജിവെച്ചു.

SCROLL FOR NEXT