ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായും ഹരിയാനയിൽ ഒറ്റ ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുക.
ജമ്മു കശ്മീരിൽ ആദ്യ ഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ എട്ടിനും, രണ്ടാം ഘട്ടം സെപ്റ്റംബർ 25 നും, മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാനയിൽ ഒക്ടോബർ ഒന്നിനാണ് വോട്ടെടുപ്പ്. ഒക്ടോബർ നാലിനായിരിക്കും ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ.
പത്ത് വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിൽ 90 മണ്ഡലങ്ങളിലായി 87.09 ലക്ഷം വോട്ടർമാരാണുള്ളത്. ഹരിയാനയിൽ 2.01 കോടി വോട്ടർമാരുണ്ട്. ജമ്മു കശ്മീരിൽ പോളിങ് ശതമാനം ഉയരുമെന്ന പ്രതീക്ഷയും ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ പങ്കുവെച്ചു. ജമ്മു കശ്മീരിലെ എല്ലാ സ്ഥാനാർഥികൾക്കും സുരക്ഷ ഏർപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കശ്മീരിൽ കൂടുതൽ സേനാവിന്യാസം വേണ്ടതിനാൽ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജാർഖണ്ഡിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ ഉടനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.