പെരിയ കേസിൽ ഉൾപ്പെട്ട ശിക്ഷ മരവിപ്പിച്ച നാലു പ്രതികളെ മുതിർന്ന നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ സിപിഎം നേതാക്കളെ സ്വീകരിക്കാൻ പി. ജയരാജനും എം.വി. ജയരാജനും ജയിലിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ജയിലിന് പുറത്തെത്തിയവരെ മറ്റു നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ. മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് കെ.വി. കുഞ്ഞിരാമൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ നിരപരാധികളാണെന്ന് പാർട്ടിക്ക് അറിയാം. പെരിയ കേസിൽ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നാണ് കോടതി വിധിയിൽ നിന്ന് വ്യക്തമാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ പ്രതി ചേർത്തത് ഗൂഢാലോചനയുടെ ഭാഗമായാണ്. ഞങ്ങൾക്കെതിരെ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ഞങ്ങളെ ഉൾപ്പെടുത്തിയത് പാർട്ടി നേതാക്കന്മാരായതു കൊണ്ടാണ്. കൂടുതൽ വിവരങ്ങൾ പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പറയും.
സിബിഐ കേസെടുത്തതിന് കിട്ടിയ തിരിച്ചടിയാണ് പെരിയ കേസിലെ കോടതി വിധിയെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. "നീതിന്യായ കോടതിയിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പെരിയ കേസിലെ വിധി തെളിയിക്കുന്നത്. സിപിഎം വിരുദ്ധ ജ്വരത്തിന് ലഭിച്ച മറുമരുന്നാണ്. ക്രൈംബ്രാഞ്ച് കൃത്യമായി തന്നെയാണ് കേസ് അന്വേഷിച്ചത്," പി. ജയരാജൻ പറഞ്ഞു.
ALSO READ: ജില്ലാ സമ്മേളനം നടക്കാനിരിക്കെ സിപിഎമ്മിൽ ആശ്വാസം; പെരിയ കേസിലെ നാല് പ്രതികൾ ഇന്ന് പുറത്തേക്ക്