NEWSROOM

ഹോട്ടലിന് തീപിടിച്ചു; അജ്‌മീറിൽ നാല് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

സംഭവം നടക്കുമ്പോൾ 18പേരാണ് ഹോട്ടൽ മുറികളിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ നിന്നും തീർഥാടനത്തിനായി അജ്മീറിലെത്തിയ സന്ദർശകരായിരുന്നു ഇവരെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാനിലെ അജ്‌മീറിൽ ഹോട്ടലിന് തീപിടിച്ചതിനെ തുടർന്ന് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്. രാവിലെ എട്ട് മണിയോടെയാണ് ഹോട്ടലിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാണരക്ഷാർഥം നിരവധി പേരാണ് ഹോട്ടലിൻ്റെ മുകളിലെ നിലയിൽ നിന്ന് എടുത്ത് ചാടിയത്. പരിക്കേറ്റ എട്ട് പേർ ജെഎൽഎൻ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെയുള്ളവർ ശ്വാസംമുട്ടലും പൊള്ളലും മൂലമാണ് മരിച്ചതെന്ന് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ സമരിയ പറഞ്ഞുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒരമ്മ തൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ മൂന്നാം നിലയിലുള്ള ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് എറിഞ്ഞുവെന്നും, കുട്ടിക്ക് നിസാര പൊള്ളലേറ്റിട്ടുണ്ടെന്നും ഹോട്ടലിൽ താമസിച്ചിരുന്ന മംഗില കലോസിയ പറഞ്ഞുവെന്ന് വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് കൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തു.


തീപിടിത്തത്തിന് മുമ്പ് എസി പൊട്ടിത്തെറിച്ചതിനാലാകാം വലിയ സ്ഫോടന ശബ്ദം കേട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ 18പേരാണ് ഹോട്ടൽ മുറികളിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ നിന്നും തീർഥാടനത്തിനായി അജ്മീറിലെത്തിയ സന്ദർശകരായിരുന്നു ഇവരെന്നാണ് റിപ്പോർട്ട്.

രക്ഷാപ്രവർത്തനം അവസാനിപ്പിച്ചുവെന്നും, തീ പൂർണമായും അണച്ചെന്നും അധികൃതർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഹോട്ടലിലേക്കുള്ള ഇടുങ്ങിയ അപ്രോച്ച് റോഡ് രക്ഷാപ്രവർത്തനത്തിന് തടസമായെന്ന് അഡീഷണൽ എസ്പി ഹിമാൻഷു ജംഗിദ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. 

SCROLL FOR NEXT