NEWSROOM

ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടൽ; നാല് നക്‌സലുകളെ വധിച്ച് സുരക്ഷാ സേന

ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ജില്ലാ റിസർവ് ഗാർഡിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു സന്നു കരമാണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്‌ഗഢിൽ നക്‌സലുകളും സുരക്ഷാ സേനയും തമ്മിലുണ്ടയ ഏറ്റുമുട്ടിലിൽ നാല് നക്സലുകളെ വധിച്ചെന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ജില്ലാ റിസർവ് ഗാർഡിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു സന്നു കരമാണ് കൊല്ലപ്പട്ടത്. നക്‌സൽ ശക്തി കേന്ദ്രവും നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള തെക്കൻ അബുജ്മാദിലെ വനമേഖലയിലാണ് വെടിവെയ്പ്പുണ്ടായത്.

ശനിയാഴ്ച രാത്രിയോടെ ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ, നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും എകെ 47 റൈഫിളും സെൽഫ് ലോഡിംഗ് റൈഫിളും (എസ്എൽആർ) ഉൾപ്പെടെയുള്ള ഓട്ടോമാറ്റിക് ആയുധങ്ങളും സുരക്ഷാസേന സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. 2024ൽ ഛത്തീസ്ഗഢിലുണ്ടായ  ഏറ്റുമുട്ടലിൽ 200ലധികം മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. 800 ഓളം മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2026 മാർച്ചോടെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.



കഴിഞ്ഞ വർഷം കൊല്ലപ്പെട്ട 219 മാവോയിസ്റ്റുകളിൽ 217 പേർ ബസ്തർ, ദന്തേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ്, സുക്മ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ നിന്നുള്ളവരാണ്. 2024ൽ മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ 18 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. അതേസമയം മാവോയിസ്റ്റ് അക്രമത്തിൽ 65 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT