NEWSROOM

യുവതികള്‍ക്ക് പ്രതിഫലം 80,000 രൂപ വീതം; കരിപ്പൂരിലെ 40 കോടിയുടെ ലഹരിക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍

തൃശൂര്‍ സ്വദേശിയായ സിമി ബാലകൃഷ്ണന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ലീവെടുത്ത് ഈ മാസം അഞ്ചിനാണ് തായ്ലന്‍ഡിലേക്ക് പോയത്

Author : ന്യൂസ് ഡെസ്ക്

കരിപ്പൂര്‍ വിമാനത്താവളം വഴി ലഹരി കടത്താന്‍ ശ്രമിച്ച യുവതികള്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരി കടത്താനായി മൂന്ന് യുവതികള്‍ക്ക് പ്രതിഫലമായി ലഭിച്ചത് 80,000 രൂപ വീതമാണ്. പിടിയിലായ ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍ ആണ് മൂന്ന് സ്ഥലങ്ങളിലായുള്ള യുവതികളെ ഏകോപിപ്പിച്ചത്.

ലഹരിക്കടത്ത് സംഘത്തില്‍ യുവതികള്‍ക്ക് ബന്ധമുള്ള ചില ഫോണ്‍ നമ്പറുകളും കസ്റ്റംസ് ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മൂന്ന് സ്ത്രീകള്‍ എയര്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്.

ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത രാജേഷ് കുമാര്‍, തൃശൂര്‍ സ്വദേശി സിമി ബാലകൃഷ്ണന്‍ എന്നിവരെയാണ് പിടിയിലായത്. തായ്ലന്‍ഡില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലാണ് ഇവര്‍ കരിപ്പൂരില്‍ എത്തിയത്. ലഹരി വസ്തുക്കളുമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും യുവതികളുടെ പക്കലുണ്ടായിരുന്നു. 

തൃശൂര്‍ സ്വദേശിയായ സിമി ബാലകൃഷ്ണന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ലീവെടുത്ത് ഈ മാസം അഞ്ചിനാണ് തായ്ലന്‍ഡിലേക്ക് പോയത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവും രാസലഹരി കലര്‍ത്തിയ 15 കിലോ വരുന്ന തായ്ലന്‍ഡ് നിര്‍മിത ചോക്ലേറ്റ്, കേക്കുകളുമാണ് സിമി അടക്കം മൂന്ന് പേരില്‍ നിന്ന് കണ്ടെത്തിയത്. എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റുകളാണ് പിടികൂടിയത്.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണെന്നാണ് കരുതുന്നത്.

തുടര്‍ച്ചയായ രണ്ടാം ദിവസവമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കഴിഞ്ഞദിവസം 18 കിലോ കഞ്ചാവുമായി മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു.

SCROLL FOR NEXT