OPJS university 
NEWSROOM

43,409 വ്യാജ ബിരുദങ്ങൾ; അന്വേഷണം നേരിട്ട് രാജസ്ഥാനിലെ സ്വകാര്യ സർവകലാശാല

2022 ലെ ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പിടിഐ) പരീക്ഷയ്ക്ക് സർവകലാശാലയിൽ 1,300 ബിരുദധാരികൾ അപേക്ഷ സമ‍ർപ്പിച്ചതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി സംശയത്തിന്റെ നിഴലിലാകുന്നത്

Author : ന്യൂസ് ഡെസ്ക്

അംഗീകാരം ലഭിക്കാത്ത കോഴ്‌സുകൾക്ക് വ്യാജ ബിരുദങ്ങൾ നൽകിയെന്നാരോപിച്ച് അന്വേഷണം നേരിട്ട് രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയായ ഓം പ്രകാശ് ജോഗേന്ദർ സിംഗ് (ഒപിജെഎസ്) സർവകലാശാല. ഇവിടെ നിന്നും 43,409 വ്യാജ ബിരുദങ്ങൾ നൽകിയതായാണ് ആരോപണം. 2013 ൽ തുടങ്ങിയത് മുതൽ ഇവിടെ നിന്നും നൽകിയ വ്യാജ ബിരുദങ്ങളെക്കുറിച്ച് രാജസ്ഥാൻ പൊലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) അന്വേഷണം നടത്തിവരികയാണ്.

2022 ലെ ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പിടിഐ) പരീക്ഷയ്ക്ക് സർവകലാശാലയിൽ 1,300 ബിരുദധാരികൾ അപേക്ഷ സമ‍ർപ്പിച്ചതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി സംശയത്തിന്റെ നിഴലിലാകുന്നത്. യൂണിവേഴ്സിറ്റിയിലെ കോഴ്സിന് 2016 ൽ മാത്രമാണ് അം​ഗീകാരം ലഭിച്ചത്. അതും വെറും 100 സീറ്റുകൾക്ക് മാത്രം. 2020-ന് മുമ്പ് എൻറോൾ ചെയ്ത വിദ്യാർഥികൾക്ക് മാത്രമേ PTI 2022 പരീക്ഷയ്ക്ക് അപേക്ഷിക്കുവാനും കഴിയുകയുള്ളൂ. അവിടെയാണ് ഇത്രയധികം പേർ ഒരുമിച്ച് അപേക്ഷ സമർപ്പിച്ചത്. സർവകലാശാലയ്ക്ക് ഇത്രയധികം ബിരുദങ്ങൾ നൽകാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സർവകലാശാലയുടെ സ്ഥാപക ഉടമ ജോഗീന്ദർ സിംഗ് ദലാലിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാകുന്നത്. കോളേജ് പ്രവേശന പരീക്ഷകളിലെയും സർക്കാർ പരീക്ഷകളിലെയും പേപ്പർ ചോർച്ചയും ക്രമക്കേടും സംബന്ധിച്ച അന്വേഷണമാണ് ജോഗീന്ദർ സിംഗ് ദലാലിലെത്തിയത്.

വിസ അപേക്ഷകൾക്ക് ബിരുദ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് ഇവിടുന്ന് വ്യാജ ബിരുദങ്ങൾ നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടാതെ, വിദ്യാർഥികളിൽ നിന്ന് പരാതികളും ലഭിച്ചിരുന്നു. 2013 മുതൽ യൂണിവേഴ്സിറ്റി 708 പിഎച്ച്ഡികളും 8,861 എൻജിനീയറിങ് ബിരുദങ്ങളും ഫിസിക്കൽ എജ്യുക്കേഷനിൽ 1,640 ബിരുദങ്ങളും നൽകിയിട്ടുള്ളതായി കണ്ടെത്തിയതായി ഡിഐജി പാരീസ് ദേശ്മുഖ് പറഞ്ഞു, "സർവകലാശാലയിൽ 30 ൽ താഴെ ജീവനക്കാ‍ർ മാത്രമാണ് ഉള്ളത്. ഇത്രയും പരിമിതമായ എണ്ണം ജീവനക്കാരെ വെച്ച് ഒരു സർവകലാശാല നടത്തുക സാധ്യമല്ല," ദേശ്മുഖ് പറഞ്ഞു.
ജൂൺ 24 ന് രാജസ്ഥാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയിലെ എല്ലാ കോഴ്‌സുകളിലേക്കും പുതിയ പ്രവേശനം നിർത്തിവെച്ച് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ എല്ലാ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കും വിദ്യാർഥികളെ ചേർക്കുന്നതിൽ നിന്ന് യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ സർവകലാശാലയെ വിലക്കിയിരുന്നു.

SCROLL FOR NEXT