NEWSROOM

ഡി.എല്‍.എഫിലെ വയറിളക്കരോഗബാധ; രണ്ടാഴ്ചയ്ക്കിടെ രോഗലക്ഷണങ്ങളുണ്ടായത് 441 പേര്‍ക്ക്

രോഗബാധിതരായ അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ രണ്ടാഴ്ചയ്ക്കിടെ 441 പേര്‍ക്ക് വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റിയുടേത് ഉള്‍പ്പെടെ ഫ്‌ളാറ്റിലേക്ക് വെള്ളമെത്തിച്ചുകൊണ്ടിരുന്ന വിവിധ സ്രോതസ്സുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച്ചക്ക് ശേഷം മാത്രമേ പരിശോധനഫലം ലഭ്യമാവുകയുള്ളൂ. കുടിവെള്ളത്തില്‍ നിന്നാണ് ആളുകളില്‍ രോഗബാധ ഉണ്ടായതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളം പരിശോധനക്കായി അയച്ചിരിക്കുന്നത്.

കിണര്‍, കുഴല്‍കിണര്‍, മഴവെള്ള സംഭരണി, ജല അതോറിറ്റി. സ്വകാര്യ ഏജന്‍സികള്‍ എന്നിവ വഴിയാണ് ഫ്‌ളാറ്റുകളിലേക്ക് വെള്ളം എത്തികൊണ്ടിരുവന്നത്. വിവിധ സ്രോതസ്സുകളില്‍ നിന്നെത്തുന്ന വെള്ളം ഏകീകരിച്ച് ജലശുദ്ധീകരണ സംവിധാനം വഴി ശുചീകരിച്ചാണ് കുടിക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് ജില്ലാ മെഡിക്കല്‍ മേധാവിയുടെ കീഴിലുള്ള പരിശോധന സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സംഭരണിയില്‍ നിന്ന് ശേഖരിച്ച വെള്ളമാണ് ശാസ്ത്രീയ പരിശോധനക്കായി അയച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ രോഗബാധയുടെ കൃത്യമായ കാരണം വ്യക്തമാവുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ പ്രതീക്ഷ. സംസ്ഥാനതല ആര്‍ ആര്‍ ടി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.

കഴിഞ്ഞ ഒരു മാസത്തിലേറെയായി കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റ് നിവാസികളില്‍ രോഗം പടര്‍ന്ന് പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം താമസക്കാര്‍ പരസ്പരം പറഞ്ഞിരുന്നില്ല. 9 ഫ്‌ളാറ്റ് സമുച്ചയത്തിലായി 1500 കുടുംബങ്ങളിലെ 5000ത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ 500 ലധികം പേര്‍ക്ക് ഇതിനോടകം ചര്‍ദ്ദിലും, വയറിളക്കവും പിടിപെട്ടിട്ടുണ്ട്. കുടിവെള്ളത്തില്‍ കൂടുതല്‍ അളവില്‍ ഇ-കോളി ബാക്ടീരിയയുടെ സാനിധ്യമുണ്ടായതാണ് രോഗബാധക്ക് കാരണം. കഴിഞ്ഞ മാസം 29 ന് തന്നെ ഈ കാര്യം കണ്ടെത്തിയിട്ടും അസോസിയേഷന്‍ ഭാരവാഹികള്‍ ബോധപൂര്‍വം മറച്ച് വെച്ചതായാണ് താമസക്കാരുടെ ആരോപണം. ഫ്‌ളാറ്റിലേയ്ക്കുളള കുടിവെള്ള വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. സാഹചര്യം ഗൗരവതരമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വിലയിരുത്തല്‍.

SCROLL FOR NEXT