NEWSROOM

45 ദിവസത്തെ പുനരധിവാസ പദ്ധതി; സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഇനി പുതിയ ജീവിതക്രമം

ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ ഇല്ലാതിരിക്കുന്ന ഓരോ മാസവും ഒരു ശതമാനം വെച്ച് എല്ലിന് ബലം കുറയും

Author : ന്യൂസ് ഡെസ്ക്


ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിനുശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും 45 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരാകും. യാത്രികരുടെ പുതിയ ജീവിതക്രമം, നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്നിവയാണ് ഈ 45 ദിവസത്തെ കാലയളവിൽ ഉണ്ടാകുക.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസം ബഹിരാകാശയാത്രികരുടെ ശരീരത്തിൽ വിവിധ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക. ഇനി നേരിടാൻ പോകുന്ന പ്രധാന പ്രശ്നം പേശികളുടെയും എല്ലിന്‍റെയും ബലക്ഷയമാണ്. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ ഇല്ലാതിരിക്കുന്ന ഓരോ മാസവും ഒരു ശതമാനം വെച്ച് എല്ലിന് ബലം കുറയും. എല്ലുകൾ ഒടിയാനുള്ള സാധ്യത കൂടുതലാണ്. കാലിലെയും നട്ടെല്ലിലെയും പേശികൾക്ക് ബലക്കുറവുണ്ടാകാം. ഭൂമിയിലെത്തുമ്പോൾ മസിൽ അട്രോഫി എന്ന രോഗാവസ്ഥയ്ക്കും സാധ്യതയുണ്ട്. സന്ധികളെയും എല്ലുകളെയും സംരക്ഷിക്കുന്ന കാർട്ടിലേജുകൾക്ക് ദ്രവീകരണം സംഭവിക്കാനും സാധ്യതയേറെയുണ്ട്.

ബഹിരാകാശ നിലയത്തിൽ ശരീരത്തിന് ഭാരം അനുഭവപ്പെടാത്തതിനാൽ ഹൃദയത്തിന്റെ രക്തചംക്രമണവും കുറവായിരിക്കും. ഭൂമിയിലെത്തുമ്പോൾ സ്വാഭാവികമായും ശരീരചലനം കുടും. അപ്പോൾ അതുമായി പൊരുത്തപ്പെടാൻ ഏറെ പ്രയാസമാകും. കാഴ്ചയ്ക്കും തകരാർ സംഭവിക്കാം. ദീർഘകാല ബഹിരാകാശ ദൗത്യം തലച്ചോറിന്റെ ഘടനയിൽ മാറ്റങ്ങളുണ്ടാക്കാമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത് പൂർവ സ്ഥിതിയിലാകാൻ മൂന്ന് വർഷങ്ങളെങ്കിലും വേണ്ടിവന്നേക്കാം.

പുനരധിവാസ പരിപാടിയുടെ ഒന്നാം ഘട്ടം ലാൻഡിംഗ് ദിവസം ആരംഭിക്കും. ആംബുലേഷൻ, പേശികളുടെ ബലപ്പെടുത്തൽ എന്നിവയിലാണ് ഒന്നാം ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുക. രണ്ട് മണിക്കൂർ വീതം 45 ദിവസങ്ങളിലായാണ് പുനരധിവാസ പദ്ധതി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രൊപ്രിയോസെപ്റ്റീവ് വ്യായാമവും കാർഡിയോവാസ്കുലാർ കണ്ടീഷനിങ്ങിനുമുള്ള പരിശീലനമാണ് നൽകുക. ഏറ്റവും ദൈർഘ്യമേറിയ ഘട്ടമായ മൂന്നാം ഘട്ടത്തിൽ ഫങ്ഷണൽ ഡവലപ്മെൻ്റിനാവശ്യമായ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുനരധിവാസത്തിനായുള്ള എല്ലാ പ്രോഗ്രാമുകളും ഓരോ വ്യക്തിയുടെയും പരിശോധനാ ഫലങ്ങൾ, മെഡിക്കൽ നില, ഇഷ്ടപ്പെട്ട വിനോദങ്ങൾ, എന്നിവ അനുസരിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

മറ്റൊന്ന് മാനസികാരോഗ്യത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളാണ്. ഭൂമിയിലെ ജീവിതവുമായി ബന്ധമില്ലാത്ത ഒമ്പത് മാസങ്ങൾ. ഭൂമിയുമായുള്ള തത്സമയ ആശയവിനിമയത്തിന്റെ അഭാവം മാനസികാഘാതം ഉണ്ടാക്കാമെന്നുമാണ് വിദഗ്ധർ പറയുന്നത്. ഭൂമിയിലെ കാലാവസ്ഥയും താപനിലയും ഒക്കെയായി പൊരുത്തപ്പെടാനും ഇവർക്ക് കാലതാമസമെടുക്കും.

അനുഭവസമ്പത്തും അറിവും കൈമുതലായവരാണ് ഈ ദൌത്യ സംഘം. ഇത്തരം ശാരീരിക അനിശ്ചിതാവസ്ഥകളെക്കുറിച്ച് അവർക്ക് കൃത്യമായ ബോധ്യവുമുണ്ട്. വേണ്ട, മുൻകരുതലുകളും എടുത്തിരുന്നു. ബഹിരാകാശ നിലയത്തിൽ കഴിയുമ്പോൾ തന്നെ ദിവസം രണ്ടര മണിക്കൂറോളം വ്യായാമത്തിനായും പരിശീലനത്തിനായും ഇരുവരും സമയം കണ്ടെത്തിയിരുന്നു. എന്നാൽ ഒമ്പത് മാസം ബഹിരാകാശത്ത് അസാധാരണമായ ധൈര്യത്തോടെ അതിജീവിച്ച ഈ യാത്രികർക്ക് അത്ര വലിയ വെല്ലുവിളിയാകില്ല ഇനിയുള്ള കാര്യങ്ങൾ.

SCROLL FOR NEXT