NEWSROOM

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി നാലാം ക്ലാസുകാരന് ദാരുണാന്ത്യം; പിന്നാലെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: തിരൂര്‍ വൈലത്തൂരില്‍ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുള്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ (9) ആണ് അപകടത്തില്‍പ്പെട്ടത്. അതേസമയം കുട്ടിയുടെ മൃതദേഹം കാണാനായി ആശുപത്രിയിലേക്കെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു കുട്ടി അപകടത്തില്‍പ്പെട്ടത്. അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകവെയാണ് ഗേറ്റില്‍ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ വൈലത്തൂരിലെ ക്ലിനിക്കിലും തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബം ഹജ്ജിന് പോയിരുന്നതിനാല്‍ കുട്ടി റിമോര്‍ട്ട് കണ്ട്രോള്‍ ഗേറ്റില്‍ കുടുങ്ങിയ സമയത്ത്, ഈ വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മുഹമ്മദ് സിനാന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലും ആസിയയുടെ മൃതദേഹം കോട്ടയ്ക്കിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

SCROLL FOR NEXT