ലോകപ്രശസ്ത സീരീസ് ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണത്തിൽ രണ്ട് ഡോക്ടർമാർ അടക്കം 5 പേർക്കെതിരെ കേസെടുത്തതായി യു എസ് പ്രോസിക്യൂട്ടേഴ്സ് അറിയിച്ചു. ലഹരിക്ക് അടിമയായിരുന്ന മാത്യു പെറിയെ കഴിഞ്ഞ വർഷമാണ് ലോസ് ആഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസെടുത്ത അഞ്ച് പേരിൽ പെറിയുടെ അസിസ്റ്റൻ്റും ഉണ്ട്.
"ഈ പ്രതികൾ സ്വയം നേട്ടത്തിന് വേണ്ടി പെറിയുടെ ലഹരിയോടുള്ള ആസക്തി മുതലെടുത്തു. അവർ ചെയ്യുന്നത് തെറ്റാണെന്ന് അവർക്കറിയാമായിരുന്നു. അത് പെറിക്ക് വലിയ അപകടമുണ്ടാക്കുമെന്നും അവർക്ക് അറിയാമായിരുന്നു, പക്ഷേ എന്നിട്ടും അവർ അത് ചെയ്തു,” യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡ പറഞ്ഞു.
ഹിറ്റ് സീരീസ് ആയ ഫ്രണ്ട്സിലെ ചാൻഡ്ലർ എന്ന കഥാപാത്രത്തിലൂടെ ലോകമാകെ പ്രശസ്തനായ നടനായിരുന്നു മാത്യു പെറി. കഴിഞ്ഞ വർഷം തൻ്റെ വീട്ടിലെ സ്വിമ്മിംഗ് പൂളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കെറ്റാമിൻ ഉപയോഗത്തിൻ്റെ രൂക്ഷ ഫലമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. വയറ്റിൽ ഇതിൻ്റെ അളവ് ചെറിയ തോതിൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ബ്ലഡിൽ ഇത് വളരെ കൂടിയ അളവിൽ കണ്ടെത്തിയിരുന്നു.
നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കെറ്റാമിൻ ഡോക്ടറുടെ മേൽനോട്ടത്തിലല്ലാതെ നടന് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിലും ലോസ് ആഞ്ചലസ് പൊലീസ് അന്വേഷണം നടത്തിയിരുന്നു.