സപ്പോർട്ടിങ് സ്റ്റാഫിന് നൽകുന്ന സമ്മാനത്തുക തന്നെ തനിക്കും മതിയെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ലോകകപ്പ് കളിച്ച ഇന്ത്യൻ താരങ്ങൾക്ക് നൽകുന്ന അഞ്ച് കോടി രൂപ, പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡിനും നൽകാനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാൽ സപ്പോർട്ടിങ് സ്റ്റാഫിന് നൽകുന്ന തുക തന്നെ തനിക്കും മതിയെന്ന് രാഹുൽ ദ്രാവിഡ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.
ടീമിലെ മറ്റു സപ്പോർട്ടിങ് സ്റ്റാഫിന് നൽകുന്ന 2.50 കോടി രൂപ തന്നെ തനിക്കും മതിയെന്നാണ് രാഹുൽ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചത്. അതായത് ദ്രാവിഡ് വേണ്ടെന്ന് വെച്ചത് രണ്ടരക്കോടി രൂപയാണ്. എന്നാൽ, ഇതാദ്യമായല്ല തനിക്ക് ലഭിക്കുന്ന പാരിതോഷികത്തിൽ ദ്രാവിഡ് ഇളവ് ആവശ്യപ്പെടുന്നത്. 2018ൽ ദ്രാവിഡ് പരിശീലിപ്പിച്ച സംഘം അണ്ടർ 19 ദേശീയ ടീം കിരീടം നേടിയപ്പോഴും ഇതേ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. അന്ന് ദ്രാവിഡിൻ്റെ അഭ്യർഥന മാനിച്ച് പരിശീലക സംഘത്തിലെ എല്ലാവർക്കും സമ്മാന തുക 25 ലക്ഷമാക്കി നൽകുകയായിരുന്നു.